Sunday, 16 December 2007

നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടിയാര്‍-2

‘നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍ ചരിത്രംസൃഷ്ട്ടിയ്ക്കുന്നില്ല’എന്ന,സാനിയമിര്‍സയുടെ ഉടുപ്പിലെസന്ദേശം ഇവിടെനേരത്തെ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചിരുന്നവല്ലോ.ആ ലേഖനത്തിന്റെ ഏകദേശരൂപം താഴെചേര്‍ക്കുന്നു.
അല്‍പ്പം ദീര്‍ഘമാണു,ക്ഷമിക്കുമല്ലോ.


കുറച്ചുനാള്‍മുന്‍പ്‌, ടിവിയില്‍ കണ്ട ഒരുചര്‍ച്ചയില്‍ പ്രധാനവിഷയം കായിക രംഗത്തെ പെണ്‍കുട്ടികളുടെ വസ്ത്രാധാരണമായിരുന്നു.നേരത്തെപറഞ്ഞ,സാനിയയുടെതുപോലെ 'അശ്ളീല'(!)സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവസ്ത്രാധാരണത്തെ ചിലര്‍ ശക്തിയായി അപലപിക്കുക പോലും ചെയ്തു.
ആരാണു ഈ നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടി?
ചുറ്റും കാണുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കു ഒന്നു കണ്ണും മനസ്സും തുറക്കുകയേ വേണ്ടു ഉത്തരം കിട്ടാനായിട്ടു.

ഒരുയാഥാസ്ഥിതികസമൂഹം വര്ച്ചിട്ട കള്ളികള്‍ക്കുള്ളില്‍ (ഈക്കള്ളികള്‍ കുടുംബത്തിന്റെയും കാലത്തിന്റെയും മാറിവരുന്ന ആവശ്യങ്ങളനുസരിച്ചു മാറ്റിവരഞ്ഞും കൊടുക്കപ്പെടും) ഒതുങ്ങി വളര്‍ന്ന്‌ സമൂഹം അനുശാസിക്കുന്ന വേഷങ്ങള്‍ മാത്രമാടി ജീവിതം ജിവിച്ചുതീര്‍ക്കലാണു 'മര്യാദയ്ക്ക്പെരുമാറല്‍'എങ്കില്‍ സ്വാഭാവികമായും അവളുടെ പേര്‍ ചരിത്രത്തില്‍പ്പോയിട്ട്‌, ചരിത്രപുസ്തകം പൊതിയുന്ന വര്‍ത്തമാനപത്രത്തില്‍ക്കൂടി, 'നല്ലരീതിയില്‍'വരാന്‍ സാദ്ധ്യത കുറവാണു.
വിലക്കുകളുടെ അദ്രുശ്യമായ ഒരു മൂടുപടമണിയിച്ചു,ആത്മധൈര്യം ചോര്‍ത്തി ഒതുക്കി,അവളുടെ ശരിയായ വ്യക്തിത്ത്വം പ്രകടമാകാന്‍ അനുവദിക്കാതെയാണ്‍ എല്ലാ ജനവിഭാഗങ്ങളും സ്ത്രീകളെ'നല്ലപെരുമാറ്റം'ശീലിപ്പിക്കുന്നതു. ഈ ഒരു രീതി ജാതിമതാതീതമായി ഒറ്റമനസ്സോടെയാണു സമൂഹം പിന്തുട്രുന്നതു. ഇവിടെ അരും ആരേക്കാളും മെച്ചമാണെന്നു ഊറ്റം കൊള്ളേണ്ട അവശ്യമില്ല.
'ഗൃഹനിര്‍മ്മാണ'കലക്കപ്പുറമൊരു മേഖലയില്‍,സാധാരണയില്‍ കവിഞ്ഞ പ്രതിഭ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീയെ അത്ര സ്വൈര്യമായി ജീവിക്കാന്‍ സമൂഹം അനുവദിക്കാറില്ല. 'മറ്റുള്ളോര്‍ക്കായ്‌ തേഞ്ഞുതീരുന്ന ചന്ദന'ത്തിന്റെ കാല്‍പ്പനികഗന്ധത്തില്‍
‍സ്വയംനഷ്ട്ടപ്പെട്ട്‌,താനാരെന്നോ,തനിക്കുവേണ്ടതെന്തെന്നോ ഒരിക്കല്‍പ്പോലുമാലോചിച്ചു,
തനിക്കുംമറ്റുള്ളോര്‍ക്കും അസ്വാരസമുണ്ടാക്കാതെ നിശ്ശബ്ദം ജീവിച്ചുമരിയ്ക്കുന്നവരാണു സമുഹത്തിനു പ്രീയപ്പെട്ട സ്ത്രികള്‍.
ക്ഷമയും സഹനവും ത്യാഗസന്നദ്ധതയും സ്ത്രീക്കു കൂടുതലുണ്ടെന്നു കരുതപ്പെടുന്നു. സഹജമായ ഈ ഗുണങ്ങളുടെ ഔദാര്യമനുഭവിച്ചു ശീലിച്ചവര്‍, പിന്നെയത്‌ തങ്ങളുടെ അവകാശമാക്കിയെടുക്കുമ്പോളാണു അതൊരു ചൂഷണമായി മാറുന്നതു.ഇതിനെപ്പറ്റിയൊന്നും ബോധവതിയാകാതെ ചൂഷണത്തിനു വഴങ്ങിക്കൊടുക്കുകക്കൂടി ചെയ്യുമ്പോള്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം,മേല്‍പ്പറഞ്ഞഗുണങ്ങള്‍ ഒരുബാധ്യതയായിമാതീരുകയാണു.

ദൃശ്യമാദ്ധമങ്ങള്‍ പ്രചരിപ്പിയ്കുന്ന ആദര്‍ശസ്ത്രിപ്രതീകങ്ങള്‍ മിക്കവാറും. സഹനവും ത്യാഗവും ക്ഷമയും സ്നേഹവും നിറഞ്ഞൊഴുകി,പ്രിയപ്പെട്ടവര്‍ക്കായി അത്മാഭിമാനം പോലും അടിയറവുവെച്ച്‌ സായൂജ്യം നേടുന്നവരാണ്‍. മറുവശത്തിനു സുഖജീവിതവും നിരന്തരസേവനവും ഉറപ്പാക്കാന്‍ ഇങ്ങിനെയുള്ള സ്ത്രിജന്‍മങ്ങളെ പാടിപ്പുകഴത്തണമല്ലോ.
ഒരു ശരാശരിപ്പെണ്‍കുട്ടിയില്‍ നിന്നു ( ഭൂരിഭാഗം പെണ്‍കുട്ടികള്‍ എന്നു വായിക്കാം) ഇതിനു വിരുദ്ധമായൊരു പെരുമാറ്റമോ,തന്‍മൂലം സമൂഹം പണിത ചട്ടക്കൂടുകള്‍ക്കൊരു ഇടര്‍ച്ചയോ ഉണ്ടാവുകയില്ല.പക്ഷെ, ഈ ശരാശരിക്കപ്പുറമൊന്നു വളര്‍ന്നുപോയാല്‍,തനിക്കുവിധിക്കപ്പെട്ട കളങ്ങള്‍ക്കു പുറത്തൊന്നുകാലൂന്നിയാല്‍,അവള്‍ക്കുഎന്തെങ്കിലുമൊക്കെ
ശിക്ഷയേറ്റുവാങ്ങേണ്ടിവരും.

അതിരുകള്‍ ലംഘിക്കാന്‍ ഉദ്വേഗം കൊള്ളുന്നവളെ ആദ്യമൊരല്‍പ്പം കൌതുകത്തോടെനോക്കിക്കണ്ടാലും, കൂടുതല്‍ക്കളിച്ചാല്‍, ഏതുമാര്‍ഗ്ഗേണയും സ്വക്ഷേത്രത്തിലേക്കു തന്നെ മടക്കിയയക്കാന്‍ കുടുംബവും സമൂഹവുംകിണഞ്ഞു ശ്രമിക്കും. അവള്‍ക്കായിക്കല്‍പ്പിച്ചുനല്‍കിയിട്ടുള്ള സ്ഥാനംവിട്ടവള്‍ പുറാത്തേക്കിറങ്ങിയാല്‍ ശിക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപായം അപവാദ പ്രചരണമാണു- സമാധാന ജീവിതം ദുഷ്ക്കരമാകുകയെന്നതു മിനിമംഗ്യാരണ്ടി-ഈ ശിക്ഷയുടെ കാഠിന്യം അവളെത്രദൂരം വഴിമാറിനടന്നു എന്നതനുസരിച്ചിരിക്കും.
അതറിയാവുന്നതു കൊണ്ടാകണം, കുറെയേറെ ചിറകിട്ടടിച്ചും തൂവലുകള്‍ പൊഴിച്ചും തളരുമ്പോള്‍, ജന്‍മനാ സമാധാനപ്രിയരായവര്‍ നിരുപാധികം കീഴടങ്ങാറാണു പതിവു അല്‍പ്പം വ്യതസ്തമായി ചിന്തിച്ച്ശീലിച്ചു വളര്‍ന്ന പലസ്ത്രീകളും,കുടുംബജീവിതതിലേക്കുകടന്നു മക്കളൊക്കെയായിക്കഴിയുമ്പോള്‍ വളരെസാധാരണമെന്നമട്ടില്‍,
അനായാസമായി പുരുഷാധിഷ്ടിതവ്യവസ്ഥിതിയിലേക്കൊതുങ്ങുകയും, പലപ്പോഴുമതിന്റെ സന്ദേശവാഹകര്‍ തന്നെയായി മാറുന്നതും കണ്ട്‌ അത്ഭുതവും ഒട്ടൊരുനിരാശയും തോന്നിയിട്ടുണ്ട്‌. അവര്‍പോലുമറിയാതെ അവരെ ഭരിക്കുന്ന ഒരു തരം ഭയമാകണം ഇതിനു കാരണം-കൂടുതലും മക്കളെച്ചൊല്ലിയുള്ള ഭയം!
വര്‍ത്തമാനകാലമൂല്ല്യങ്ങളെ പിന്തുടരാതിരിക്കുകയോ,ചോദ്യം ചെയ്യുകയൊ ഉണ്ടായാല്‍, അതു തങ്ങളുടെ ആണ്‍മ്മക്കള്‍ക്കെതിരായ ഒരു നിലപാടായിപ്പോയാലോ എന്ന ഭയം... മുഖ്യധാരക്കൊപ്പം ഒഴുകാതിരുന്നാല്‍ പെണ്‍മക്കളുടെ സുരക്ഷിതത്ത്വത്തിനുതന്നെ എന്തെങ്കിലുമൊരപകടമുണ്ടായിപ്പോയാലോ എന്നുള്ള ഭയം... അതുകൊണ്ടുതന്നെ, പെണ്‍കുട്ടികളെ മേല്‍പ്പറഞ്ഞ മൂശയില്‍തന്നെയൊതുക്കി പാകപ്പെടുത്തിവളര്‍ത്താന്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നതും അമ്മമാര്‍തന്നെ. പെണ്‍മക്കളൊരല്‍പ്പം മാറി സഞ്ചരിക്കുകയോ ചിന്തിക്കുകയൊപോലും ചെയ്താല്‍, അമ്മമാര്‍ പൊതുവേ പരിഭ്രാന്തരാകും.
അഭ്യസ്തവിദ്യരും പുറം നാടുകളില്‍വളര്‍ന്നുപഠിച്ചവരുമായ പെണ്‍കുട്ടികള്‍പോലും വിവാഹ ദിവസം,സഞ്ചരിക്കുന്ന ആഭരണശാലകളായി മാറാനും തന്റെകുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയുടെ പ്രതീകമോ പ്രസ്താവന തന്നെയോ എന്ന മട്ടില്‍,പ്രദര്‍ശനവസ്തുക്കളാകാനും മടിക്കാത്തതു ഒരുദാഹരണം മാത്രം.

" പിറ്റേന്നുവൈകുന്നേരം കോടിക്കുപ്പായവുമിട്ടു കുഞ്ഞുനൂറു രവിയുടെ അടുത്തുവന്നു നിന്നു.
നൂറുവിണ്റ്റെ കൈപിടിച്ചു നാലുവയസ്സുള്ള ചാന്തുമുത്തുവും നിന്നു.
ചാന്തുമുത്തുവിനു ഉടുപുടവയുണ്ടായിരുന്നില്ല.
അവളെത്തണ്റ്റെ അരില്‍കിലേക്കണച്ചുകൊണ്ട്‌ രവിപറഞ്ഞു,
"ഞാന്‍ മറന്നു പൊയി, നാളെ ചാന്തുമുത്തുവിനു പാവാട തയ്പ്പിച്ചു തരാട്ട്വൊ"
"മാണ്ടാ" അവള്‍പറഞ്ഞു
"വേണ്ടേ? അതെന്താത്‌? "
"തെക്കനു കൊടുത്താമതി"
"അതെന്താ ചാന്തുമുത്തുനു കുപ്പായം വേണ്ടേ? "
"തെക്കമ്പലുതാകട്ടെ"

(ഖസാക്കിണ്റ്റെ ഇതിഹാസം-ഒ.വി. വിജയന്‍)

'ചെക്കന്‍'
വളരാനായി തന്റെ അവകാശങ്ങളൊക്കെ വിട്ടുകൊടുക്കണമെന്നു ചാന്തുമുത്തുവിണ്റ്റെ അമ്മ അവളെ പിഞ്ചിലെ പഠിപ്പിച്ചിരിക്കുന്നു!.

ഇന്നു നിരത്തിലും, പൊതുവാഹനങ്ങളിലും, പലപ്പൊഴും സ്വന്തം വീടിന്റെ അകത്തളങ്ങളില്‍തന്നെയും നമ്മുടെ സ്ത്രീകള്‍/പെണ്‍കുട്ടികള്‍ ഇത്രയേറെ അപമാനം മൌനമായി സഹിച്ചുആത്മാഭിമാനം,നഷ്ട്ടപ്പെട്ടവരായിത്തീരുന്നതിന്റെ ഒരു കാരണം'നന്നായിപ്പെരുമാറാന്‍' അവര്‍ അത്രമേല്‍ ബദ്ധശ്രദ്ധരാണു എന്നതാണു കടന്നുകയറ്റങ്ങളെ ചോദ്യംചെയ്താല്‍,ശബ്ദമുയര്‍ത്തിയാല്‍,ബഹളം വെച്ചാല്‍, കയ്യുയര്‍ത്തി തടുത്താല്‍, എതിര്‍ക്കാനുള്ള ആത്മധൈര്യം കാണിച്ചാല്‍, താന്‍ 'മര്യാദ'ഇല്ലാത്തവളായി മുദ്രകുത്തപ്പെടുമല്ലോ!
സമൂഹം കല്‍പ്പിച്ചു തന്നിരിക്കുന്ന ആദര്‍ശവതികള്‍ക്കുള്ള കിരീടത്തിനു അര്‍ഹയാകണമെങ്കില്‍ 'അടങ്ങിയൊതുങ്ങി' സര്‍വ്വംസഹയായി ജീവിക്കുകയാണു വേണ്ടതു.

തന്റേടിയായപുരുഷനെ അംഗീകരിക്കുകയും തന്റേടിയായസ്ത്രീയെ അപലപിക്കുകയും ചെയ്യുന്ന സമൂഹമാണു നമ്മുടേത്‌. 'തന്റേടി'എന്നാല്‍ തന്റെ ഇടം അറിയുന്നയാള്‍. താനാരെന്നും എന്തെന്നും,തണ്റ്റെ ശക്തി-ദൌര്‍ബ്ബല്ല്യങ്ങള്‍ എന്തെന്നും ബോധമുള്ള വ്യക്തി!
ഈ ബോധം നല്‍കുന്ന ആത്മവിശ്വാസം സ്ത്രീയില്‍ കാണപ്പെടുമ്പോള്‍ നമ്മുടെ സമൂഹം എന്തുകൊണ്ട്‌ അസ്വസ്തമാകുന്നു?.
എന്തുകൊണ്ടാണു അവള്‍ മറ്റുള്ളവരില്‍ ഒരുതരം അരക്ഷിതത്വ ബോധ മുണര്‍ത്തുന്നതു?

ആത്മവിശ്വാസമുള്ള നായികമാരെ ചായംകൂട്ടിവരച്ചു,അഹങ്കാരികളാക്കി ചിത്രീകരിക്കുന്ന ദ്ര്‍ശ്യമാദ്ധ്യമങ്ങള്‍,അവരെഅടിച്ചൊതുക്കിയോ, അപമാനിക്കുകയോ ചെയ്ത വരുതിയിലാക്കുക എന്ന സന്ദേശം ഉറക്കെയുറക്കെ ആവര്‍ത്തിക്കുന്നതെന്തുകൊണ്ടു?
ഒപ്പതിന്നൊപ്പം നില്‍ക്കാന്‍ മാത്രം തലയെടുപ്പുള്ള സഹയാത്രികയെ, അവളര്‍ഹിക്കുന്ന ബഹുമാനംകൊടുക്കാനും അംഗികരിക്കാനും ധൈര്യപ്പെടാത്ത,അവനവനില്‍തന്നെ വിശ്വാസമില്ലാത്ത പുരുഷന്‍മാര്‍ സാക്ഷരകേരളത്തില്‍ ഇന്നും ധാരാളമുള്ളതെന്തുകൊണ്ടു?

ഉത്തരങ്ങള്‍ അത്ര ലളിതമല്ല!ഇതു സാമൂഹ്യ ശാസ്ത്രജ്ഞര്‍ക്കുള്ള ചോദ്യമാണു.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും, കഴിഞ്ഞ ഒരുതലമുറയില്‍ നിന്നു വേറിട്ടുകാണുന്നഒരുണര്‍വ്വു,ഇന്നത്തെ പെണ്‍കുട്ടികളില്‍ എവിടെയൊക്കെയൊ തെളിഞ്ഞുവരുന്നുണ്ട്‌ അവരില്‍ ആത്മബോധമുണരുന്നവരുണ്ട്‌, ആത്മാഭിമാനം സ്ഫുരിക്കുന്നവരുണ്ട്‌.
'നന്നായിപ്പെരുമാറി' നല്ലനടപ്പിനുള്ള സര്‍ട്ടിഫിക്കറ്റ്‌ വാങ്ങലല്ല, മറിച്ചു, സ്വന്തംജീവിതവഴി സ്വയം നിര്‍ണയിക്കാനുള്ള അവകാശം തനിക്കുമുണ്ടെന്ന്‌ തെളിയിക്കലാണു പ്രധാനം എന്നു മനസ്സിലാക്കിവരുന്നവരുണ്ട്‌.
സ്ത്രീയുടെ നിശ്ശബ്ദമായ സഹനത്തിലും ആത്മനിഷേധത്തിലും മാത്രംമുന്‍പോട്ടു ഉന്തിതള്ളിക്കൊണ്ടുപൊയിരുന്ന ദാമ്പത്യങ്ങള്‍ ,നരകസമാനമായ കൂടുംബജീവിതങ്ങള്‍, ഇവക്കൊന്നും കൃത്രിമശ്വാസോസ്വാസംകൊടുത്തു ആയുസ്സുനിട്ടാന്‍ പല പെണ്‍കുട്ടികളും ഇന്നു തെയാറാകുന്നില്ല. (ഇപ്പൊഴത്തെ പെണ്‍കുട്ടികള്‍ക്കു തീരെ 'അഡ്ജസ്റ്റ്‌'(?) ചെയ്യാന്‍ വയ്യ എന്ന പഴി പരക്കെ ഉയരുന്നതിനുപുറകില്‍ പലപ്പോഴുമുള്ള കാരണവും ഇതു തന്നെ). വിദ്യാഭ്യാസം മാത്രം കൊണ്ടവര്‍ തൃപ്തരാകുന്നില്ല.സ്വന്തമായി ഒരു വരുമാനമുണ്ടാവുക എന്നതിന്റെ സാമ്പത്തികവും സാമുഹികവും വ്യക്തിപരവുമായ പ്രാധാന്യം അവര്‍ക്കു നന്നായി അറിയാം. ദൈവാനുഗ്രഹമായി കിട്ടുന്ന തന്റെ പ്രത്യേക കഴിവുകളെ അഭിമാനത്തോടെ വളര്‍ത്തിയെടുക്കാനും പ്രകാശിപ്പിക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്‌.

സമവാക്യങ്ങള്‍ പലതും തിരുത്തി എഴുതപ്പെട്ടുതുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായും താരതമ്യേന പുരോഗമിച്ചുകാണുന്ന മേല്‍തട്ടുകളിലാണു ഈ സ്ത്രീമുന്നേറ്റം കൂടുതലായും കണ്ടുവരുന്നതുഈ ഒരു ബോധതരംഗം സാമൂഹ്യജീവിതത്തിന്റെ മറ്റുതലങ്ങളിലും അധികംവൈകാതെ അനുരണനങ്ങളമുണ്ടാക്കും.

പുരുഷാധിഷ്ട്ടിത മൂല്ല്യങ്ങളുടെ ഭാരം പേറിക്കിതച്ചു നീങ്ങുന്ന ഒരു സമൂഹത്തിനു മുന്‍പേ കേറിനടന്നു, താന്‍ ജീവിക്കുന്ന യാഥാസ്ഥികസമൂഹം അനുശാസിക്കുന്ന പെരുമാറ്റചട്ടങ്ങള്‍ വകവെയ്കാതെ, ഭയക്കാതെ, ജീവിതത്തിന്റെ സ്വയംനിര്‍ണയാവകാശം തിരിച്ചുപിടിക്കുന്ന ഈ പേണ്‍കുട്ടികള്‍, ചരിത്രത്തിന്റെ ഓരങ്ങളില്‍ നിന്നു നെഞ്ചിലേക്കാണു ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതു.

Tuesday, 11 December 2007

മരണപത്രം പ്രശ്നമാകുമ്പോള്‍


ഭൂമിയുടെ അവകാശികളിലൊരാള്‍

എട്ടുകാലുകളില്‍ നിരങ്ങി നിരങ്ങി

പതുക്കെയടുക്കുന്നുണ്ട്

തന്റെയിടം വീണ്ടെടുക്കാനാകുമോ...?


ഒരുകുറ്റിച്ചൂലുകൊണ്ട്

പരിഹരിയ്ക്കാ‍വുന്ന പ്രശ്നമേയുള്ളു


ആദ്യത്തെയടിക്കു

ആകെയൊന്നു ചളുങ്ങി

യാചനയുടെ

നാലു കൂപ്പുകൈകളുയരുന്നു

പിന്നത്തെയടിക്കു

കറുത്ത

കണ്ടാലറയ്ക്കുന്ന

ചെറിയൊരുണ്ടമാത്രം


അമ്പടഞാനെ!


ചൂലൊന്നു

ഡെറ്റോളില്‍ കഴുകിയാല്‍

തീരും കാര്യം


പക്ഷെ

ജീവന്റെ

അവസാനകണിക

തെറിച്ചുവീണ്

ഇപ്പോഴും പൊള്ളുന്നതു

എവിടെയാണ്?


ഇപ്പോള്‍ പ്രശ്നമുണ്ടാക്കിയതു

ബേപ്പൂരിലിരുന്നു

മരണപത്രത്തില്

അവകാശക്കണക്കെഴുതിവെച്ച്

കടന്നുപോയ

ആളാണ്

--------------------------

Thursday, 6 December 2007

നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടി



സാനിയാമിറ്സയുടെ ഉടുപ്പില്‍ മുദ്രണംചെയ്തു കാണാറുള്ള ചില രസമുള്ള പ്രഖ്യാപനങ്ങളുണ്ട്‌. അതിലൊന്നിങ്ങിനെ-

'നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍ ചരിത്രം സൃഷ്ട്ടിക്കുന്നില്ല'


ഒന്നാലോചിച്ചുനോക്കിയാലറിയാം,ഒരു ടീനേജ പെണ്‍കുട്ടിയുടെ തമാശയ്ക്കപ്പുറം,ഇതിലൊരു വലിയ സത്യമുണ്ട്‌.
എന്താണീപ്പറയുന്ന നല്ലപെരുമാറ്റം?

എന്തകൊണ്ടാണവള്‍ക്കു ചരിത്രത്തില്‍ ഇടംകിട്ടാത്തതു?
അപ്പോള്‍ ചരിത്രത്തിലിടംനേടുകയെന്നത്‌,മാന്യയായ ഒരുപെണ്‍കുട്ടിക്ക്‌ ചേര്‍ന്നതല്ലേ?
ആരൊക്കെയായിരിക്കും ഈ നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍?


കുറച്ചുനാള്‍മുന്‍പ്‌,'മലയാളംവാരിക'യിലെഴുതിയ ഒരു ലേഖനത്തിലെ ചിന്തകള്‍ ഇങ്ങിനെയാണ്‍ തുടങ്ങിയതു.

ഈ ചോദ്യങ്ങള്‍ ഞാന്‍ ബൂലോകത്തിലെ സുഹൃത്തുക്കള്‍ക്കുമുന്‍പില്‍ സമര്‍പ്പിക്കുന്നതുകൊണ്ട്‌,
മുന്‍വിധികളില്ലാത്ത അഭിപ്രായങ്ങള്‍ക്കായി കാക്കുന്നതുകൊണ്ട്‌,
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇപ്പോളിവിടെ ചേര്‍ക്കുന്നില്ല.

Monday, 26 November 2007

ആരോ


ആരോ
---------


മഴവെള്ളപ്പാച്ചിലില്‍
കൈകാലിട്ടടി

മല
വീണുമൂടൂമ്പോള്‍
പ്റാണവെപ്റാളം.
വന്‍മരം വീണതിന്‍ കീഴെപ്പിടഞ്ഞിട്ട്‌
പാതീയരഞ്ഞും
പാതീയിഴഞ്ഞും

ഇറയും തൂത്തുതളിച്ചവെള്ളം
ആരോ
ഒഴുക്കുകയായിരുന്നു .

മണ്ണും ചവറും
ആരോ
കുടഞ്ഞിടുകയായിരുന്നു.

കാല്‍ച്ചുവടൊന്നു
ആരോ
അമറ്‍ത്തിവെച്ചതായിരുന്നു.

ആരുടെ ഉറുമ്പാണു ഞാന്‍!
-----------------

Friday, 16 November 2007

ഹുസൈന്റെ സരസ്വതി ചുരിദാറിടുമ്പോള്‍

ബി.ആറ്.പി.ഭാസ്ക്കറ്സാറിന്റെ ‘ചുരിദാറ്’ പോസ്റ്റിനെഴുതിത്തുടങ്ങിയ കമന്റ്,എന്റെ കൈവിട്ടു വളറ്ന്നു
താഴെക്കാണുന്ന പോസ്റ്റായി മാറീ.

ചുരിദാറ്പ്രശ്നമുയര്‍ന്നപ്പോള്‍,ദേവകീ നിലയങ്ങോടു വളരെ പ്രസക്തമായ ഒരു വസ്തുത പറഞ്ഞു-കേരളത്തില്‍ സ്ത്രീകള്ക്കു മാറുമറക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു.
പിന്നിടുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുണ്ടായതു
ഇതിനെ ധിക്കരിക്കാന്‍ ധൈര്യമുണ്ടായ കുറേ സ്ത്രീകളുണ്ടായിരുന്നതുകൊണ്ടാണ്‍.
അതു വായിച്ചപ്പോള്‍ ആലോചിച്ചുപോയി-
അന്നൊരു ദേവപ്രശ്നം വെച്ചിരുന്നെങ്കില്‍,അമ്പലത്തില്‍ക്കേറുമ്മ്പോള്‍ സ്ത്രീകളിന്നും മേല്‍ വസ്ത്രങ്ങളെല്ലാം ഊരിവെക്കേണ്ടി വരുമായിരുന്നൊ?

വറ്ഷങ്ങള്‍ക്കുമുന്‍പ്,തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ സ്ത്രികള്‍ക്കു പ്രവേശനമില്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്.
പിന്നെയാവിലക്ക് മാറിയ സാഹചര്യം എനിക്കറിയില്ല.പക്ഷെ,ഒന്നു തീറ്ച്ചയുണ്ട്.
ഇന്നാണെങ്കില്‍,മുന്‍പോട്ടുള്ള ആ കാല്‍ വെയ്പ്പ്,അതിനിര്‍ട്ടിവേഗത്തില് പിന്നോട്ട് തന്നെ വെക്കുമായിരുന്നു.
മതവിശ്വാസങ്ങളുടെ സങ്കുചിതത്വം അടിച്ചേല്‍പ്പിക്കുന്ന വിലക്കുകള്‍,അതേതു മതത്തിലായാലും,ആദ്യം ഏറ്റുവാങ്ങേണ്ടിവരുക സ്ത്രീയാണ്‍.

ഇന്നു സറ്വ്വസാധാരണമായ സാരിയും,ചുരിദാറിനെപ്പോലെത്തന്നെ,കേരളീയ വസ്ത്രമല്ലല്ലൊ!
അന്നൊന്നും ‘അനിഷ്ടം’പ്രകടിപ്പികാത്ത ഗുരുവായുരപ്പന്റെ തലയില്‍,ദേവപ്രശ്നകാരുടെ ഭാവനാവിലാസങ്ങള്‍ കെട്ടിവെക്കാന്‍ ഇന്ന്കഴിഞ്ഞതു,നമ്മുടെ സമൂഹമനസ്സില്‍ കഴിഞ്ഞ കുറേകാലങ്ങളായി കയറിക്കൂടിയിട്ടുള്ള
ഒരു ഭൂതം കാരണമാണു-പുരോഗമനചിന്തകള്‍ മതവിശ്വാസങ്ങളെ ദുറ്ബ്ബലപ്പെടുത്തുമെന്ന അരക്ഷിതത്വബോധം.

ഓരോകാലത്തിനും ഓരോദേശത്തിനും വസ്ത്രഭേദങ്ങളുണ്ടാകും.
അതുള്‍ക്കൊള്ളാനുള്ള മാനസീകവികാസം
ദൈവവിശ്വാസവുമായി പിണങ്ങിനില്‍ക്കുന്നതെന്തുകൊണ്ടാണ്‍?

സ്ഥലകാലങ്ങളുടെ പരിമിതികളില്‍നിന്നു സരസ്വതീദേവിയുടെ സങ്കല്‍പ്പത്തെ ഉയറ്ത്തി, വസ്ത്രാലങ്കാരമില്ലാതെ,ഏതാനും നേറ്ത്ത രേഖകളില്‍ വിശദാംശങ്ങളൊഴിവാക്കിക്കൊണ്ട്
എം.എഫ്.ഹുസ്സൈന്‍ വരച്ച ചിത്രം കണ്ടമാത്രയില്‍,അദ്ദ്യെഹമെന്താണു ഉദ്ദ്യേശിച്ചതെന്നു മനസ്സിലാക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
പക്ഷെ അതില്‍ അസഭ്യത കാണാനും കുറേപേരുണ്ടായി.

ഇനിയിപ്പോള്‍ ഹുസ്സൈന്റെ സരസ്വതിയെ ചുരിദാറിടീച്ചാ‍ലും ഗുരുവായൂരമ്പലത്തില്‍
കൊണ്ടുപോകാന്‍ പ്റ്റില്ലല്ലോ!

Tuesday, 6 November 2007

മാതൃഭാഷ മറക്കുന്ന മലയാളം റിയാലിറ്റി ഷോകള്‍

മലയാളം ചാനലുകള്‍ മത്സരിച്ചു റിയാലിറ്റിഷോകള്‍
നടത്തുകയാണല്ലോ.
ഈ എഴുതുന്ന ഞാനടക്കം ധാരാളം സംഗീതപ്രേമികള്‍
കഴിയുന്നതും മുടങ്ങാതെ തന്നെ ഇവയെ പിന്തുടരാറുള്ളതു
പാട്ടിനോടുള്ള സ്നേഹം കാരണം മാത്രമാണു.

എങ്കിലും,ജനപ്രീതിയോടൊപ്പം ധാരാളം വിമറ്ശനങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്
ഈ പരിപാടികള്‍.

SMSകളില്‍നിന്നും ചാനലുണ്ടാക്കുന്ന ഭീമമായ ലാഭത്തിനോടൊപ്പം,
ആ വോട്ടുകള്‍, ശരിയായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നതിനെപറ്റിയുള്ള
സംശയങ്ങള്‍ ഒരു വശത്തു.,.
മറുവശത്ത് സംഗീതത്തിനു മുഴുവനായി മനസ്സും ശരീരവും
അറ്പ്പിക്കുന്നതിനുപകരം,അരങ്ങില്‍ ഓടിയും
ആടിയുംമൊക്കെ നടത്തുന്ന്
പ്രകടനങ്ങള്‍,മത്സരാറ്ത്ഥികളെ നല്ലഗായകാരായിവളരാന്‍
എത്രത്തോളംസഹായിക്കുമെന്നുള്ളആശങ്കകള്‍.

പക്ഷെ,അധികമാരും പറഞ്ഞുകേള്ക്കാത്ത മറ്റൊരു
അപകടകരമായ പ്രവണത എല്ലാചാനലുകളിലും
ഒരുപോലെ കാണപ്പെടുന്നുണ്ട്

ഇന്നു നമ്മുടെ അരങ്ങടക്കിവാഴുന്നതു മിക്കവാറും തമിഴ്പാട്ടുകളാണു.
പിന്നെഹിന്ദി,
അവസാനം മാത്രം മലയാളം.!

മറ്റൊരു ഭാഷാചാനലുകളിലും കാണാത്ത ഒരു പ്രതിഭാസം.!

ഇതിനെപറ്റിയെടുത്തുപറയുമ്പോഴൊക്കെ ചിലറ് പറയുന്നൊരു ന്യായീകരണമുണ്ട്-
സംഗീതം ഭാഷ്ക്കു അതീതമാണു.!

സത്യം പറഞ്ഞാല്‍,ഈ ഒരു നിത്യസത്യം മലയാളിയേക്കാള്‍ സ്വാംശികരിച്ചിട്ടുള്ള മറ്റൊരു കൂട്ടറ്
നമ്മുടെ രാജ്യത്തുണ്ടോയെന്നു തന്നെ സംശയമാണ്.
തമിഴും ഹിന്ദിയും പാട്ടുകള്‍ പണ്ടുമുതലേ നമ്മള്‍ ആസ്വദിയ്ക്കുകയും പാടുകയും
ചെയ്തിട്ടുള്ളവരാണു.
പക്ഷെ ഒന്നുന്ണ്ട്- അതൊരിക്കലും മലയാളഗാനങ്ങളെ
പുറംതള്ളികൊണ്ടാ‍യിരുന്നില്ല.

അമ്പതുകളില്‍,പി.ഭാസ്ക്കരനും കെ.രാഘവനുമൊത്തു
അന്യ്യഭാഷാസ്വാധീനത്തില്‍നിന്നും മോചിപ്പിച്ചെടുത്ത
മലയാളഗാനഭാവുകത്വം പിന്നെക്കണ്ടത്തു,
ഇരുപതോമുപ്പതോ വറ്ഷങ്ങളോളം നീണ്ടുനിന്ന വസന്തകാലമാണു.
ആക്കാലങ്ങളുടെ സുഗന്ധം ആത്മാവിലാവാഹിച്ചു
വളറ്ന്ന ഒരു തലമുറയില്‍പ്പെട്ടവറ്പലരും,
സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും
വലീയ ആഴങ്ങള്‍ തേടിയുള്ള യാത്രതുടങ്ങിയതു,
ഈ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു.

ഇതൊന്നും കാണാ‍തെപോകുന്ന ഇന്നത്തെ ഈ കൂട്ടികള്‍ക്കു
നഷ്ട്ടമാകുന്നതു വലീയ ഒരു സമ്പത്താണു.

അവരവരുടെ പാരമ്പര്യ്യമുള്‍ക്കൊണ്ടുവളരാന്‍
തമിഴ്-ഹിന്ദി ചാനലുകള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുമ്പോള്‍,
നമ്മള്‍മാത്രമെന്തുകൊണ്ടാ‍ണു സ്വന്തം ഭാഷയോടു അവജ്ഞ്കാണീച്ചു
മുഖം തിരിച്ചുനില്‍ക്കുന്നതു?

മെലഡി എന്നു പൊതുവേ അറിയപ്പെടുന്ന് സ്വരമാധുര്യം തുളുമ്പുന്ന
ഗാനങ്ങളുടെയും അറ്ദ്ധശാസ്ത്രീയസംഗീത ഗാനങ്ങളുടേയും അതിസമ്പന്നമായ
ഒരു ശേഖരം നമുക്കുള്ളതു അവഗണിച്ചുകൊണ്ടാണു ചാനലുകള്‍
ഈ മത്സരങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതു.
കൂട്ടത്തില്‍, ദ്രുതതാളഗാനങ്ങളും ഇന്നു മലയാളത്തില്‍ ധാരാളമാ‍യി വന്നു തുടങ്ങിയിട്ടുണ്ട്.

എ.ആറ്.റഹമാന്റെയും ഹാരിസ് ജയരാജിന്റെയുമൊക്കെ മായികസംഗീതത്തിന്റെ
ഓളത്തില്‍ കുട്ടികള്‍ ഒഴുകിപോകുക സ്വാഭാവികം.
പക്ഷെ,അതിനൊപ്പംതന്നെ സ്വന്തം പൈതൃകത്തിലേക്ക്
അവരെ നയിച്ചുകൊണ്ടുപോകേണ്ട ഒരു ധാറ്മ്മീകമായ ഉത്തരവാദിത്ത്വം
‘’ഗ്രൂമേറ്സ്’ എന്നു പറയപ്പെടുന്ന ചാനല്‍ ഗുരുക്കന്‍മ്മാറ്ക്കുണ്ടാകേണ്ടതല്ലേ?

അന്യഭാഷാഗാനങ്ങളിലെ പ്രാവീണ്ണ്യം തെളിയിക്കാന്‍ അതിനായി മാത്രം ഒരു
സ്ലോട്ട് കൊടുത്തിട്ടു,പരിപാടിയുടെ പ്രധാന ഭാഗം മലയാളമാകണം എന്നു
നിഷ്ക്കറ്ഷിച്ചാല്‍,കുട്ടികള്‍ സ്വാഭാവികമായും മലയാളത്തെ കൂടുതല്‍ അടുത്തറിയാന്‍
തയ്യാറാ‍കും
.കേരളത്തിലേ മഹാഭൂരിപക്ഷം പ്രേക്ഷകരും ആഹ്ലാദത്തൊടെ
അതാസ്വദിക്കുകയുംചെയ്യും.

തനതായ നൃത്തവും സംഗീതവുമുള്ള മലയാളികള്‍
പച്ചക്കറിയും അരിയും ഓണപ്പൂക്കളും അയലത്തുനിന്നു വാങ്ങുന്നതിനൊപ്പം,
പാട്ടും നൃത്തവും കൂടി അവിടെനിന്നു കടംകൊണ്ട്
ഇന്നത്തെ തലമുറയെ സാംസ്ക്കാരികമായിത്തന്നെ
അനാഥരാക്കിമാറ്റുകയാണു ചെയ്യുന്നതു..

പക്ഷെ,നമ്മള്‍ മലയാളികള്‍,സ്വന്തം ഭാഷയെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും
അപകറ്ഷതാബോധവുമായി നടക്കുന്നവരാണല്ലോ.,അല്ലേ

ദ്വയാറ്ത്ഥപ്രയോഗങ്ങള്‍ നിറയുന്ന തമിഴഗാനങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന
പെണ്‍കുട്ടികളൊക്കെ,ഒരേ അച്ചില്‍ വാര്‍ത്തപോലെ,ചാനലുകളില്‍ വരുന്ന
‘ഐറ്റം നമ്പറ്’ നറ്ത്തകികളുടെ ദുറ്ബ്ബലാനുകരണമാകുന്നതു കാണുമ്പോള്‍,
ആലോചിക്കാറുണ്ട്,,
പെണ്‍ജാതിയുടെ നൃത്തമെന്നാല്‍ അതിനി ഒരൊറ്റ ഭാവമേയുള്ളൊ?
ഇതിലും കഷ്ട്മാണു ജൂനിയറ്ഡാന്‍സറ് മത്സരങ്ങളീല്‍,പിഞ്ചുകുട്ടികളെക്കൊണ്ടു
ചെയ്യിക്കുന്ന അഭാ‍സച്ചുവടുകള്‍.

മലയാളീയുടെ പ്രശസ്തമായ പ്രതികരണശേഷി,
ഹറ്ത്താല്‍ വിളിക്കാന്‍ മാത്രമേ ഉതകുന്നുള്ളുവെന്നത്
ഇവിടെ ദു:ഖകരമാകുന്നു.

ചാനലുകള്‍ തമിഴിനോടു കാണിക്കുന്ന ഈ വിധേയത്വത്തിന്റെ പുറകില്‍
എന്തൊക്കെയോ ശക്തമായ കച്ചവടതാല്‍പ്പര്യങ്ങളുണ്ടെന്നു വ്യക്തം.
സ്വതന്ത്രമായ ഏതെങ്കിലുമൊരു വാറ്ത്താചാനല്‍
ഒരു അന്വേഷാത്മക റിപ്പോറ്ട്ടിങ്ങിനിറങ്ങി
ഇതിന്റെ മറനീക്കി
പുറത്തുകൊണ്ടുവന്നെങ്കിലെന്നു
ആഗ്രഹിച്ചുപോകുന്നു.



Thursday, 1 November 2007

"ഹറ്ത്താല്‍ലഹരി" വിമുക്ത ചികിത്സാകേന്ദ്രങ്ങള്‍

രാവിലെ ഉണറ്ന്നതേ ദേശപ്രേമത്തില്‍ പുളകം കൊണ്ടാണ്‍.
ഇന്നു കേരളപ്പിറവിദിനം!

പ്രവാസിമലയാളീക്കു നാട്ടീലെ ആഘോഷം
തത്സമയം കാണാന്‍ ചാന്‍ലുകള്‍ ഒ.ബി വാനുമായിറങ്ങിക്കാണും...
ആവേശത്തോടെ ടിവി ഓണാക്കിനോക്കിയപ്പോളുണ്ട്
മലയാളനാട് ബോധം നശിച്ചതു പോലെ
നിശ്ചലം മലച്ചു കിടക്കുന്നു!
ഇന്നത്തെ ജീവന്മ്മരണപ്രശ്നം
സേലം ഡിവിഷനാണ്.


നിയമസഭയിലൊരു കുഷ്യന്‍ സീറ്റ് പോയിട്ട്,
കൊച്ചു സ്റ്റൂള്‍പോലുമില്ലെങ്കിലെന്തു..
ഹറ്ത്താ‍ല്‍! എന്നൊന്നു ഉറക്കത്തിലെങ്കിലും
മന്ത്രിക്കുകയേവേണ്ടൂ-
ഘോഷയാത്രയായി മലയാളീ തിരിയേ
വീട്ടിലേക്കു നൂണ്ടുകയറൂം.

ഉള്ള സത്യം പറയാമല്ലോ-
പണീയെടുക്കാതെ മൂന്നുനേരം തിന്നും കുടിച്ചും
ആഘോഷിക്കാനൊരു ദിവസം കിട്ടിയാല്‍
ULFA വിളിച്ചാലും ഞങ്ങള്‍
മലയാളീകള്‍ വിളികേള്‍ക്കും!

ഞാന്‍ നാട്ടിലില്ലാതെപോയല്ലോ..
ഹോളീഡേക്കെട്ടുവിടുമ്പോള്‍
ഹറ്ത്താല്‍ ലഹരി - വിമുക്ത ചികിത്സാകേന്ദ്രങ്ങള്‍ തുറക്കാന്‍
ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹറ്ജ്ജി സമര്‍പ്പിക്കാമായിരുന്നു.


Sunday, 28 October 2007

വ്ര്‌ണം




വാക്കിന്റെ മുനമടക്കും

കല


തൂലിക പിഴിഞ്ഞുണക്കും


ചിത്രകല


വെള്ളിത്തിരയില്‍ കറുപ്പൊഴിക്കും


ചലച്ചിത്രകല


ഉള്ളുലയ്ക്കും നേരിന്റെ വായ്മൂടും


സകലകലാവൈഭവം


ശീലമാക്കുക


വയ്യെന്നു പറയരുതേ-


മതവ്ര്‌ണം വികാരപ്പെടും!

________________-

(മലയാളമനോരമ-13/10/ 2007)



Saturday, 27 October 2007

ബ്ലോഗിന്റെ നോവുകള്‍

അത്ഭുതലോകത്തിലെത്തിയ ഭൂമിപുത്രിക്കു സ്വാഗതം പറയാന്‍
ഇത്രയും പേരെത്തിയത് മറ്റൊരു മഹാത്ഭുതമായി.

സത്യത്തില്‍,കടയും തുറന്നു കാറ്റുംകൊണ്ടു തനിയെ നാലുദിവസമിരുന്നിട്ടു
കെട്ടിപ്പൂട്ടി സ്ഥലം വിട്ടേക്കാമെന്നായിരുന്നു വിചാരം.

പിന്നെ അത്യാഹ്ലാദംനിമിത്തം,
ഇവിടെവരാന്‍ സന്മനസ്സു കാണിച്ച എല്ലാരെയും തിരിയെ ചെന്നുകണ്ടിട്ടേ
അടുത്തകുറിപ്പെഴുതൂവെന്നു, പാഞ്ചാലീശപഥമെടുത്തു.


ബ്ലോഗിന്റെ കലാപരിപാടികളോരോന്നായി നോക്കി
പഠിച്ചുവരുന്നേയുള്ളൂ.

ഇന്നലെ, word verification എടുത്തുമാറ്റാനുള്ള
ആഹ്വാനം വായി്ച്ച് ആദ്യമൊന്നു പരി്‍ഭ്രമിച്ചു.
വിസിറ്റ് ചെയ്ത മറ്റൊരു ബ്ലോഗില്‍,
ഈ പ്രതിസന്ധി സ്വയം നേരിട്ടപ്പോള്ളാണു
തലയില്‍ വെള്ളിമിന്നിയതു.

പിന്നെ അവിടെയുമിവിടെയുമൊക്കെ എലിക്കുട്ടനെക്കൊണ്ട്
തട്ടിച്ചു സൂത്രപ്പൂട്ടു തുറന്നു.

ബ്ലോഗിലെ ആരംഭശൂരകാറ്ക്കൊരു ട്യൂട്ടോറ്യല്‍-
അതെവിടെയാണാവോ...?


ഇന്നത്തെകുറിപ്പവസാനിപ്പിക്കുമ്പോള്‍,
കണ്ണില്‍നിന്നും മറയാതെ നില്‍ക്കുന്നതു
ചങ്ങനാശേരിയിലെ വിദ്യാറ്ത്ഥിസംഘട്ടനത്തിനിടയില്‍
തലക്കടിയേറ്റു മരിച്ച ASI ഏലിയാസിന്റെ
നിറ്ജ്ജീവ ചിത്രം!


ഏതു തത്വസംഹിതയായിരുന്നു
ആ അടിയേല്‍പ്പിച്ചതു?

Friday, 26 October 2007

എല്ലാരും ബ്ളോഗുന്നു.. ഈഞാനും ബ്ലോഗുന്നു...

എല്ലാരും ബ്ളോഗുന്നു.. ഈഞാനും ബ്ലോഗുന്നു...
ഈ ഗോളാന്തരവലയത്തില്‍ ഞാനുമെത്തിയെന്നു മറ്റുള്ളോരെങ്ങിനെയറിയും?
ഇതിലൂടെ ഊളിയിട്ടുപാറി ക്ഷണപത്രിക വിതരണംചെയ്യാനെന്തെങ്കിലും
സംവിധാനമുണ്ടൊ?
വഴിതെറ്റിയെങ്ങാനുമിതിലേവരുന്നവറ്,അറിവുള്ളവരൊന്നു
പറഞ്ഞുതരണെ..
കണ്ടവറ്കണ്ടവറ് നാലുപേരോടൊന്നു പറഞ്ഞു പരത്തണേ..

ആരെങ്കിലും വന്നൊന്ന് നോക്കീന്നറിഞ്ഞാല്‍ ബാക്കി വറ്ത്താനം
പറയായിരുന്നു.