Tuesday, 26 February, 2008

പ്രതിഭാപ്പാട്ടിലിന്റെ ആകാശം

അമൃതാനന്ദമയിപറഞ്ഞതായാലും, മാവോ പറഞ്ഞതായാലും പറഞ്ഞതില്‍ കാര്യമുണ്ടെങ്കില്‍ അത് സ്വീകരിയ്ക്കുകതന്നെവേണം.
ബഹുമാനപ്പെട്ട രാഷ്ട്രപ(ത്നി)തി പ്രതിഭാപ്പാട്ടിലിനതറിയാം.
പകുതിയാകാശം താങ്ങിനിറ്ത്തുന്നതു സ്ത്രീകളാണെന്ന മാവോസൂക്ത്തം ഇന്നലെയവറ് എടുത്തുപറയാന്‍കാര്യം,സ്ത്രീധന പീഠനവും പെണ്‍ഭ്രൂണഹത്യയുമൊക്കെ ഒഴിവാക്കണമെന്നു ഉദ്ബോധിപ്പിയ്ക്കാന്‍ വേണ്ടിയായിരുന്നു.
നല്ലകാര്യം!

ഇന്നത്തെ Railway ബഡ്ജറ്റില്‍ ബിരുദം കഴിയുന്നതുവരെ പെണ്‍കുട്ടികള്‍ക്കുസൌജന്യയാത്രയും വാഗ്ദാനം ചെയ്തിരിയ്ക്കുന്നു.
അതും നല്ലകാര്യം!

ഇതുകൊണ്ടൊക്കെ,ഇനിമുതല്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിയ്ക്കാന്‍ അനുവദിയ്ക്കപ്പെടുമെങ്കില്‍... അത്മാഭിമാനം കൈവിടാതെ ജീവിയ്ക്കാന്‍ അവരെയനുവദിയ്ക്കുമെങ്കില്‍...

പക്ഷെ,പെണ്‍കുട്ടി പ്രായമായാല്‍ മറ്റൊരിടത്തേയ്ക്ക്‌ പറഞ്ഞയയ്ക്കേണ്ടവളാണെന്നും,വീട്ടിന്റെ കുട്ടി ആണ്‍കുട്ടിയാണെന്നും വിശ്വസിച്ചുപോരുന്ന ഒരു സമൂഹത്തില്‍,പെണ്‍കുട്ടിയ്ക്ക്‌ അനുകൂലമായി എന്തുനിയമം കൊണ്ടുവന്നാലും അതു കതിരിന്‍മേല്‍ വളംവെയ്ക്കുന്ന ഫലമേതരു.


‘സ്ത്രിധനം മേടിയ്ക്കരുത്‌-കൊടുക്കരുതു‘ എന്നൊക്കെ കൊല്ലത്തെ ശ്രീകലയ്ക്കുമറിയാമായിരുന്നു,ആദ്യംതന്നെ.
എങ്കിലും മറ്റെല്ലാ സാധാരണക്കാരിപ്പെണ്‍കുട്ടികളെയും പോലെത്തന്നെ,ഒഴുക്കിനൊത്തൊഴുകി,ഒരു സ്ത്രിധനക്കല്യാണത്തിനു തലകുനിയ്ക്കാന്‍ തയാറെടുത്ത ശ്രീകല,ആത്മാഭിമാനത്തിനു മുറിവേറ്റപ്പോഴാണു,പോലിസ്‌ സഹായം തേടിയതു. പെണ്‍ വീട്ടിലെ പണത്തിനുള്ള,പ്രതിശ്രുതവരന്റെയും വീട്ടുകാരുടേയും വൃത്തികെട്ട ആറ്ത്തി, വിവാഹത്തിനുമുന്‍പെതന്നെ വെളിച്ചത്തിലായപ്പോള്‍, ഇങ്ങിനെയുള്ളവീട്ടിലേയ്ക്കു താനിനിപ്പോകുന്നില്ലെന്നു തീരുമാനിയ്ക്കാനുള്ള വിവേചനബുദ്ധിയും തന്റേടവും ശ്രികലകാണിച്ചു.

അവിടെയാണു ആകുട്ടി വ്യത്യസ്ഥയായതു.

ഈ പത്രവാറ്ത്തവായിച്ച പെങ്കുട്ടികളൊക്കെ അടുത്ത ദിവസം മുതല്‍,
സ്ത്രിധനംചോദിച്ച്
വരുന്നവരെയൊക്കെ ചെരിപ്പൂരിയടിയ്ക്കുമെന്നുള്ള ഒരു മിഥ്യാധാരണയും നമുക്കാറ്ക്കുമില്ല.

സ്ത്രിധനമാവശ്യപ്പെടുന്നതൊരു മോശം പരിപാടിയാണെന്നു പെട്ടന്നൊരുദിവസം ബോദ്ധ്യംവന്ന്‌, ആണ്‍കുട്ടികളൊക്കെ,അതുവേണ്ടെന്നു തീരുമാനിയ്ക്കുമെന്നും വിചാരമില്ല.

വിവാഹത്തോടെ,'കൊടുക്കാനുള്ളതു കൊടുത്തു'പെങ്കുട്ടിയെ വിട്ടില്‍നിന്നും പറഞ്ഞുവിടുകയെന്ന രീതിയില്‍നിന്നാകണം ഇങ്ങിനെയൊരു അലിഖിതനിയമവും ഉടലെടുത്തതു. അതങ്ങിനെയല്ലാത്ത സമുദായങ്ങളില്‍-പെണ്‍കുട്ടി കുടുംബത്തിലൊരംഗം തന്നെയായിത്തുടരുന്ന (സ്വന്തം വീട്ടില്‍തന്നെ താമസംതുടരുന്നു എന്ന അറ്ത്ഥത്തിലല്ല-ആണ്‍കുട്ടികളെപ്പോലും അതിനിപ്പോള്‍കിട്ടാറില്ലല്ലൊ) നായറ്സമുദായത്തിലെന്നപോലെ,സ്ത്രീധനം പൊതുവേ നിലവിലില്ല. പക്ഷെ,സംഗതി കൊള്ളാമെന്നു കണ്ടതിനാലാകാം,അവരില്‍പ്പോലും ഇന്നുചിലറ് ചോദിയ്ക്കാനും കൊടുക്കാനുമൊക്കെ തുടങ്ങിയിട്ടുണ്ട്.

മറ്റൊരറ്ത്ഥത്തില്‍പ്പറഞ്ഞാല്‍,പെണ്‍കുട്ടിയ്ക്കവകാശപ്പെട്ട സ്വത്താണു സ്ത്ര്‍ധനത്തിന്റെ രൂപത്തില്‍ മറ്റൊരാള്‍ക്ക്‌ കൈമാറപ്പെടുന്നതു.

മനുഷ്യറ്ക്കെന്തിനാണു സ്വത്ത്‌?
ഒറ്റവാചകത്തില്‍പ്പറഞ്ഞാല്‍, ഭാവിയിലേയ്ക്കുള്ള സുരക്ഷ!
പക്ഷെ, തനിയ്ക്കവകാശപ്പെട്ടതെങ്കിലും,തനിയ്ക്കു യാതൊരു വിനിമയാവകാശവുമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്ന ഈ ധനം എത്രപെണ്‍കുട്ടികളുടെ ഭാവി ഭദ്രമാക്കിയിട്ടൂണ്ട്‌?

ഈ ധനം എങ്ങിനെയാണുപയോഗിയ്ക്കപ്പെടുന്നതെന്നു അന്വേഷിയ്ക്കാനും,അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം എത്രപെണ്‍കുട്ടികള്‍ക്കുണ്ട്‌?

കല്ല്യാണം കഴിയുന്നതോടെ, സ്വന്തംവീട്ടിലിടം നഷ്ട്ടപ്പെടുകയും,
വൈവാഹികജീവിതമെങ്ങാനും ദുരിതം നിറഞ്ഞതായിപ്പോയാല്‍,നരകതുല്ല്യമായ ആ ജീവിതത്തില്‍നിന്നും രക്ഷപ്പെടാനാകാതെ,
ആലംബമറ്റ് അതില്‍തന്നെ എരിഞ്ഞൊടുങ്ങേണ്ടിവരികയും ചെയ്യുന്ന സ്ത്രീജന്മങ്ങള്‍ക്ക്‌, ഈ സ്ത്രീധനം കൊണ്ടെന്താണ്‍ പ്രയോജനം?

അല്ലെങ്കില്‍,അകാലവൈധവ്യം സംഭവിച്ചാല്‍,സ്ത്രിയ്ക്കും അവളുടെ കുട്ടികള്‍ക്കും പരാശ്രയംകൂടാതെ ജീവിയ്ക്കാന്‍ അവളുടെയീസ്വത്തുപകരിയ്ക്കാറുണ്ടോ?

പിന്നെയെന്തിനാണ്‍ വിവാഹസമയത്തീ 'ധനം'കൈമാറ്റംചെയ്യപ്പെടുന്നതു?

അതോ പെണ്ണിന്റെ 'ഭാരം'മറ്റൊരാള്‍ ഏറ്റെടുക്കുന്നുതിനുള്ള കൂലിയാണോയിതു?

ഭറ്ത്താവിനോ അയാളുടെ കുടുംബത്തിനോ ഒരുപകാരവുമില്ലാത്ത,ഒന്നും സംഭാവനചെയ്യാനില്ലാത്ത, തീറ്റിപ്പോറ്റാന്‍ മാത്രമുള്ള ഒരു ജന്മമാണ്‍ പെണ്ണെന്നല്ലേ ഇവിടെവന്നുകൂടുന്നതു?
അങ്ങിനെയാണെങ്കില്‍,ജീവിതയാഥാര്‍ത്ഥ്യവുമായി യാതൊരു ബദ്ധവുമില്ലാത്ത ഒരു മൂഢസങ്കല്‍പ്പത്തിന്റെ പുറത്താണ്‍ സ്ത്രിധനസമ്പ്രദായം നിലനിന്നുപോരുന്നതു എന്നുപറയണം.

പക്ഷെ,ഇങ്ങിനെയൊന്നും മിയ്ക്കവരും ആലോചിയ്ക്കാറില്ലല്ലൊ..
ഇല്ലാത്ത പണമുണ്ടാക്കിയും,കുടുംബംപോലും പണയപ്പെടുത്തിയും സ്ത്രിധനമൊപ്പിച്ചെടുത്തു മകളെ 'പറഞ്ഞയയ്ക്കുമ്പോള്‍ ',അവളുടെ ഭാവി സുരക്ഷിതമായിയെന്നു മാതാപിതാക്കളാശ്വസിയ്ക്കുന്നു.. തന്റെ ജീവിതമിനി സ്വസ്തം ഭദ്രമെന്നൊക്കെ പെണ്‍കുട്ടിയും സ്വപ്നംകാണുന്നു.

ഈ കണക്കുകൂട്ടലുകളെങ്ങാനും തെറ്റിയാല്‍,അവള്‍ പിന്നെയെന്തുചെയ്യുമെന്നാരും ആലോചിയ്ക്കുന്നില്ലയെന്നതു എന്നെ അത്ഭ്തപ്പെടുത്താറുണ്‍.

പെണ്‍കുട്ടിയുടെ ഭാവിസുരക്ഷിതത്വത്തിനു പ്രാധാന്യംകൊടുക്കുന്നുവെങ്കില്‍, വിവാഹസമയത്തോ,അതിനു മുന്‍പോ പിന്‍പോ, ഒന്നും അവളുടെസ്വത്തോ സ്ത്രിധനമോ കൈമാറാതിരിയ്ക്കുക.
അവളുടെ ഭര്‍ത്താവിനെയും,വീട്ടുകാരേയും കുറച്ചുകാലം പരിചയപ്പെട്ടതിനുശേഷം മാത്രം, മകള്‍ക്കു പൂര്‍ണ്ണമായും വിനിമയാവകാശം കിട്ടുന്ന രീതിയില്‍,നിങ്ങള്‍ക്കു കൊടുക്കാനാകുന്നതു കൊടുക്കുക.

സ്ത്രിധനച്ചന്തയില്‍ വിലപേശാനിറങ്ങുകയില്ലെന്നു നാട്ടിലെപ്പെണ്‍കുട്ടികളൊന്നടങ്കം ഒരു തീരുമാനമെടുത്താല്‍, സ്ത്രിധനമോഹികളൊക്കെക്കൂടി മുട്ടുകുത്തി തലകുനിച്ചുനില്‍ക്കേണ്ടിവരും... മംഗല്ല്യഭാഗ്യത്തിനായി!
അതിനുമുന്നൊരുക്കമായി,സാമാന്യം നല്ലവിദ്യാഭ്യാസവും, കഴിയുമെങ്കില്‍, സ്വന്തംകാലില്‍ നില്‍ക്കാനൊരു ജോലിയും കയ്യിലാക്കുക.

എന്നിട്ടു തലയുയര്‍ത്തി നിന്ന്‌ പറയുക-‘ആക്രാന്തമില്ലാത്തവന്‍ വരുമ്പോള്‍ മതി!’

വലിയൊരുപരിധിവരെ ഗുരുതരമായ ഒരു സാമൂഹ്യവിപത്തിനു ഇതൊരു ചികിത്സയാകും. പക്ഷെ,ഇതുവേരോടെയറുക്കണമെങ്കില്‍,ആദ്യംവേണ്ടതു പെണ്‍കുട്ടിയോടുള്ള മനോഭാവം മാറുകയാണു.
അവള്‍ക്കുസ്വന്തം കുടുംബത്തില്‍ മൂല്ല്യംനേടിക്കൊടുക്കണമെങ്കില്‍ മാതൃദായക്രമത്തിന്റെ ഒരു പരിഷ്ക്കരിച്ച രൂപം നിയമനിറ്മാണത്തിലൂടെ കൊണ്ടുവരേണ്ടിയിരിയ്ക്കുന്നു.

പുരുഷാധിപത്യമുല്ല്യങ്ങള്‍ ആഴത്തില്‍ വേരിറക്കിയിരിയ്ക്കുന്ന ഒരു സമൂഹത്തെ ആകെപിടിച്ചുലച്ചേക്കാവുന്ന,വിപ്ളവകരമായ ഇങ്ങിനെയൊരു മാറ്റം അധികംവൈകാതെ ഉണ്ടായിലെങ്കില്‍,നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍,അമ്മയുടെ വയറ്റില്‍നിന്നും,ഭര്‍തൃഗൃഹത്തില്‍നിന്നും ഒരേപോലെ അപ്രത്യക്ഷരായിക്കൊണ്ടിരിയ്ക്കും .