Monday, 26 November, 2007

ആരോ


ആരോ
---------


മഴവെള്ളപ്പാച്ചിലില്‍
കൈകാലിട്ടടി

മല
വീണുമൂടൂമ്പോള്‍
പ്റാണവെപ്റാളം.
വന്‍മരം വീണതിന്‍ കീഴെപ്പിടഞ്ഞിട്ട്‌
പാതീയരഞ്ഞും
പാതീയിഴഞ്ഞും

ഇറയും തൂത്തുതളിച്ചവെള്ളം
ആരോ
ഒഴുക്കുകയായിരുന്നു .

മണ്ണും ചവറും
ആരോ
കുടഞ്ഞിടുകയായിരുന്നു.

കാല്‍ച്ചുവടൊന്നു
ആരോ
അമറ്‍ത്തിവെച്ചതായിരുന്നു.

ആരുടെ ഉറുമ്പാണു ഞാന്‍!
-----------------

Friday, 16 November, 2007

ഹുസൈന്റെ സരസ്വതി ചുരിദാറിടുമ്പോള്‍

ബി.ആറ്.പി.ഭാസ്ക്കറ്സാറിന്റെ ‘ചുരിദാറ്’ പോസ്റ്റിനെഴുതിത്തുടങ്ങിയ കമന്റ്,എന്റെ കൈവിട്ടു വളറ്ന്നു
താഴെക്കാണുന്ന പോസ്റ്റായി മാറീ.

ചുരിദാറ്പ്രശ്നമുയര്‍ന്നപ്പോള്‍,ദേവകീ നിലയങ്ങോടു വളരെ പ്രസക്തമായ ഒരു വസ്തുത പറഞ്ഞു-കേരളത്തില്‍ സ്ത്രീകള്ക്കു മാറുമറക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു.
പിന്നിടുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുണ്ടായതു
ഇതിനെ ധിക്കരിക്കാന്‍ ധൈര്യമുണ്ടായ കുറേ സ്ത്രീകളുണ്ടായിരുന്നതുകൊണ്ടാണ്‍.
അതു വായിച്ചപ്പോള്‍ ആലോചിച്ചുപോയി-
അന്നൊരു ദേവപ്രശ്നം വെച്ചിരുന്നെങ്കില്‍,അമ്പലത്തില്‍ക്കേറുമ്മ്പോള്‍ സ്ത്രീകളിന്നും മേല്‍ വസ്ത്രങ്ങളെല്ലാം ഊരിവെക്കേണ്ടി വരുമായിരുന്നൊ?

വറ്ഷങ്ങള്‍ക്കുമുന്‍പ്,തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ സ്ത്രികള്‍ക്കു പ്രവേശനമില്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്.
പിന്നെയാവിലക്ക് മാറിയ സാഹചര്യം എനിക്കറിയില്ല.പക്ഷെ,ഒന്നു തീറ്ച്ചയുണ്ട്.
ഇന്നാണെങ്കില്‍,മുന്‍പോട്ടുള്ള ആ കാല്‍ വെയ്പ്പ്,അതിനിര്‍ട്ടിവേഗത്തില് പിന്നോട്ട് തന്നെ വെക്കുമായിരുന്നു.
മതവിശ്വാസങ്ങളുടെ സങ്കുചിതത്വം അടിച്ചേല്‍പ്പിക്കുന്ന വിലക്കുകള്‍,അതേതു മതത്തിലായാലും,ആദ്യം ഏറ്റുവാങ്ങേണ്ടിവരുക സ്ത്രീയാണ്‍.

ഇന്നു സറ്വ്വസാധാരണമായ സാരിയും,ചുരിദാറിനെപ്പോലെത്തന്നെ,കേരളീയ വസ്ത്രമല്ലല്ലൊ!
അന്നൊന്നും ‘അനിഷ്ടം’പ്രകടിപ്പികാത്ത ഗുരുവായുരപ്പന്റെ തലയില്‍,ദേവപ്രശ്നകാരുടെ ഭാവനാവിലാസങ്ങള്‍ കെട്ടിവെക്കാന്‍ ഇന്ന്കഴിഞ്ഞതു,നമ്മുടെ സമൂഹമനസ്സില്‍ കഴിഞ്ഞ കുറേകാലങ്ങളായി കയറിക്കൂടിയിട്ടുള്ള
ഒരു ഭൂതം കാരണമാണു-പുരോഗമനചിന്തകള്‍ മതവിശ്വാസങ്ങളെ ദുറ്ബ്ബലപ്പെടുത്തുമെന്ന അരക്ഷിതത്വബോധം.

ഓരോകാലത്തിനും ഓരോദേശത്തിനും വസ്ത്രഭേദങ്ങളുണ്ടാകും.
അതുള്‍ക്കൊള്ളാനുള്ള മാനസീകവികാസം
ദൈവവിശ്വാസവുമായി പിണങ്ങിനില്‍ക്കുന്നതെന്തുകൊണ്ടാണ്‍?

സ്ഥലകാലങ്ങളുടെ പരിമിതികളില്‍നിന്നു സരസ്വതീദേവിയുടെ സങ്കല്‍പ്പത്തെ ഉയറ്ത്തി, വസ്ത്രാലങ്കാരമില്ലാതെ,ഏതാനും നേറ്ത്ത രേഖകളില്‍ വിശദാംശങ്ങളൊഴിവാക്കിക്കൊണ്ട്
എം.എഫ്.ഹുസ്സൈന്‍ വരച്ച ചിത്രം കണ്ടമാത്രയില്‍,അദ്ദ്യെഹമെന്താണു ഉദ്ദ്യേശിച്ചതെന്നു മനസ്സിലാക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
പക്ഷെ അതില്‍ അസഭ്യത കാണാനും കുറേപേരുണ്ടായി.

ഇനിയിപ്പോള്‍ ഹുസ്സൈന്റെ സരസ്വതിയെ ചുരിദാറിടീച്ചാ‍ലും ഗുരുവായൂരമ്പലത്തില്‍
കൊണ്ടുപോകാന്‍ പ്റ്റില്ലല്ലോ!

Tuesday, 6 November, 2007

മാതൃഭാഷ മറക്കുന്ന മലയാളം റിയാലിറ്റി ഷോകള്‍

മലയാളം ചാനലുകള്‍ മത്സരിച്ചു റിയാലിറ്റിഷോകള്‍
നടത്തുകയാണല്ലോ.
ഈ എഴുതുന്ന ഞാനടക്കം ധാരാളം സംഗീതപ്രേമികള്‍
കഴിയുന്നതും മുടങ്ങാതെ തന്നെ ഇവയെ പിന്തുടരാറുള്ളതു
പാട്ടിനോടുള്ള സ്നേഹം കാരണം മാത്രമാണു.

എങ്കിലും,ജനപ്രീതിയോടൊപ്പം ധാരാളം വിമറ്ശനങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്
ഈ പരിപാടികള്‍.

SMSകളില്‍നിന്നും ചാനലുണ്ടാക്കുന്ന ഭീമമായ ലാഭത്തിനോടൊപ്പം,
ആ വോട്ടുകള്‍, ശരിയായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നതിനെപറ്റിയുള്ള
സംശയങ്ങള്‍ ഒരു വശത്തു.,.
മറുവശത്ത് സംഗീതത്തിനു മുഴുവനായി മനസ്സും ശരീരവും
അറ്പ്പിക്കുന്നതിനുപകരം,അരങ്ങില്‍ ഓടിയും
ആടിയുംമൊക്കെ നടത്തുന്ന്
പ്രകടനങ്ങള്‍,മത്സരാറ്ത്ഥികളെ നല്ലഗായകാരായിവളരാന്‍
എത്രത്തോളംസഹായിക്കുമെന്നുള്ളആശങ്കകള്‍.

പക്ഷെ,അധികമാരും പറഞ്ഞുകേള്ക്കാത്ത മറ്റൊരു
അപകടകരമായ പ്രവണത എല്ലാചാനലുകളിലും
ഒരുപോലെ കാണപ്പെടുന്നുണ്ട്

ഇന്നു നമ്മുടെ അരങ്ങടക്കിവാഴുന്നതു മിക്കവാറും തമിഴ്പാട്ടുകളാണു.
പിന്നെഹിന്ദി,
അവസാനം മാത്രം മലയാളം.!

മറ്റൊരു ഭാഷാചാനലുകളിലും കാണാത്ത ഒരു പ്രതിഭാസം.!

ഇതിനെപറ്റിയെടുത്തുപറയുമ്പോഴൊക്കെ ചിലറ് പറയുന്നൊരു ന്യായീകരണമുണ്ട്-
സംഗീതം ഭാഷ്ക്കു അതീതമാണു.!

സത്യം പറഞ്ഞാല്‍,ഈ ഒരു നിത്യസത്യം മലയാളിയേക്കാള്‍ സ്വാംശികരിച്ചിട്ടുള്ള മറ്റൊരു കൂട്ടറ്
നമ്മുടെ രാജ്യത്തുണ്ടോയെന്നു തന്നെ സംശയമാണ്.
തമിഴും ഹിന്ദിയും പാട്ടുകള്‍ പണ്ടുമുതലേ നമ്മള്‍ ആസ്വദിയ്ക്കുകയും പാടുകയും
ചെയ്തിട്ടുള്ളവരാണു.
പക്ഷെ ഒന്നുന്ണ്ട്- അതൊരിക്കലും മലയാളഗാനങ്ങളെ
പുറംതള്ളികൊണ്ടാ‍യിരുന്നില്ല.

അമ്പതുകളില്‍,പി.ഭാസ്ക്കരനും കെ.രാഘവനുമൊത്തു
അന്യ്യഭാഷാസ്വാധീനത്തില്‍നിന്നും മോചിപ്പിച്ചെടുത്ത
മലയാളഗാനഭാവുകത്വം പിന്നെക്കണ്ടത്തു,
ഇരുപതോമുപ്പതോ വറ്ഷങ്ങളോളം നീണ്ടുനിന്ന വസന്തകാലമാണു.
ആക്കാലങ്ങളുടെ സുഗന്ധം ആത്മാവിലാവാഹിച്ചു
വളറ്ന്ന ഒരു തലമുറയില്‍പ്പെട്ടവറ്പലരും,
സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും
വലീയ ആഴങ്ങള്‍ തേടിയുള്ള യാത്രതുടങ്ങിയതു,
ഈ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു.

ഇതൊന്നും കാണാ‍തെപോകുന്ന ഇന്നത്തെ ഈ കൂട്ടികള്‍ക്കു
നഷ്ട്ടമാകുന്നതു വലീയ ഒരു സമ്പത്താണു.

അവരവരുടെ പാരമ്പര്യ്യമുള്‍ക്കൊണ്ടുവളരാന്‍
തമിഴ്-ഹിന്ദി ചാനലുകള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുമ്പോള്‍,
നമ്മള്‍മാത്രമെന്തുകൊണ്ടാ‍ണു സ്വന്തം ഭാഷയോടു അവജ്ഞ്കാണീച്ചു
മുഖം തിരിച്ചുനില്‍ക്കുന്നതു?

മെലഡി എന്നു പൊതുവേ അറിയപ്പെടുന്ന് സ്വരമാധുര്യം തുളുമ്പുന്ന
ഗാനങ്ങളുടെയും അറ്ദ്ധശാസ്ത്രീയസംഗീത ഗാനങ്ങളുടേയും അതിസമ്പന്നമായ
ഒരു ശേഖരം നമുക്കുള്ളതു അവഗണിച്ചുകൊണ്ടാണു ചാനലുകള്‍
ഈ മത്സരങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതു.
കൂട്ടത്തില്‍, ദ്രുതതാളഗാനങ്ങളും ഇന്നു മലയാളത്തില്‍ ധാരാളമാ‍യി വന്നു തുടങ്ങിയിട്ടുണ്ട്.

എ.ആറ്.റഹമാന്റെയും ഹാരിസ് ജയരാജിന്റെയുമൊക്കെ മായികസംഗീതത്തിന്റെ
ഓളത്തില്‍ കുട്ടികള്‍ ഒഴുകിപോകുക സ്വാഭാവികം.
പക്ഷെ,അതിനൊപ്പംതന്നെ സ്വന്തം പൈതൃകത്തിലേക്ക്
അവരെ നയിച്ചുകൊണ്ടുപോകേണ്ട ഒരു ധാറ്മ്മീകമായ ഉത്തരവാദിത്ത്വം
‘’ഗ്രൂമേറ്സ്’ എന്നു പറയപ്പെടുന്ന ചാനല്‍ ഗുരുക്കന്‍മ്മാറ്ക്കുണ്ടാകേണ്ടതല്ലേ?

അന്യഭാഷാഗാനങ്ങളിലെ പ്രാവീണ്ണ്യം തെളിയിക്കാന്‍ അതിനായി മാത്രം ഒരു
സ്ലോട്ട് കൊടുത്തിട്ടു,പരിപാടിയുടെ പ്രധാന ഭാഗം മലയാളമാകണം എന്നു
നിഷ്ക്കറ്ഷിച്ചാല്‍,കുട്ടികള്‍ സ്വാഭാവികമായും മലയാളത്തെ കൂടുതല്‍ അടുത്തറിയാന്‍
തയ്യാറാ‍കും
.കേരളത്തിലേ മഹാഭൂരിപക്ഷം പ്രേക്ഷകരും ആഹ്ലാദത്തൊടെ
അതാസ്വദിക്കുകയുംചെയ്യും.

തനതായ നൃത്തവും സംഗീതവുമുള്ള മലയാളികള്‍
പച്ചക്കറിയും അരിയും ഓണപ്പൂക്കളും അയലത്തുനിന്നു വാങ്ങുന്നതിനൊപ്പം,
പാട്ടും നൃത്തവും കൂടി അവിടെനിന്നു കടംകൊണ്ട്
ഇന്നത്തെ തലമുറയെ സാംസ്ക്കാരികമായിത്തന്നെ
അനാഥരാക്കിമാറ്റുകയാണു ചെയ്യുന്നതു..

പക്ഷെ,നമ്മള്‍ മലയാളികള്‍,സ്വന്തം ഭാഷയെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും
അപകറ്ഷതാബോധവുമായി നടക്കുന്നവരാണല്ലോ.,അല്ലേ

ദ്വയാറ്ത്ഥപ്രയോഗങ്ങള്‍ നിറയുന്ന തമിഴഗാനങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന
പെണ്‍കുട്ടികളൊക്കെ,ഒരേ അച്ചില്‍ വാര്‍ത്തപോലെ,ചാനലുകളില്‍ വരുന്ന
‘ഐറ്റം നമ്പറ്’ നറ്ത്തകികളുടെ ദുറ്ബ്ബലാനുകരണമാകുന്നതു കാണുമ്പോള്‍,
ആലോചിക്കാറുണ്ട്,,
പെണ്‍ജാതിയുടെ നൃത്തമെന്നാല്‍ അതിനി ഒരൊറ്റ ഭാവമേയുള്ളൊ?
ഇതിലും കഷ്ട്മാണു ജൂനിയറ്ഡാന്‍സറ് മത്സരങ്ങളീല്‍,പിഞ്ചുകുട്ടികളെക്കൊണ്ടു
ചെയ്യിക്കുന്ന അഭാ‍സച്ചുവടുകള്‍.

മലയാളീയുടെ പ്രശസ്തമായ പ്രതികരണശേഷി,
ഹറ്ത്താല്‍ വിളിക്കാന്‍ മാത്രമേ ഉതകുന്നുള്ളുവെന്നത്
ഇവിടെ ദു:ഖകരമാകുന്നു.

ചാനലുകള്‍ തമിഴിനോടു കാണിക്കുന്ന ഈ വിധേയത്വത്തിന്റെ പുറകില്‍
എന്തൊക്കെയോ ശക്തമായ കച്ചവടതാല്‍പ്പര്യങ്ങളുണ്ടെന്നു വ്യക്തം.
സ്വതന്ത്രമായ ഏതെങ്കിലുമൊരു വാറ്ത്താചാനല്‍
ഒരു അന്വേഷാത്മക റിപ്പോറ്ട്ടിങ്ങിനിറങ്ങി
ഇതിന്റെ മറനീക്കി
പുറത്തുകൊണ്ടുവന്നെങ്കിലെന്നു
ആഗ്രഹിച്ചുപോകുന്നു.Thursday, 1 November, 2007

"ഹറ്ത്താല്‍ലഹരി" വിമുക്ത ചികിത്സാകേന്ദ്രങ്ങള്‍

രാവിലെ ഉണറ്ന്നതേ ദേശപ്രേമത്തില്‍ പുളകം കൊണ്ടാണ്‍.
ഇന്നു കേരളപ്പിറവിദിനം!

പ്രവാസിമലയാളീക്കു നാട്ടീലെ ആഘോഷം
തത്സമയം കാണാന്‍ ചാന്‍ലുകള്‍ ഒ.ബി വാനുമായിറങ്ങിക്കാണും...
ആവേശത്തോടെ ടിവി ഓണാക്കിനോക്കിയപ്പോളുണ്ട്
മലയാളനാട് ബോധം നശിച്ചതു പോലെ
നിശ്ചലം മലച്ചു കിടക്കുന്നു!
ഇന്നത്തെ ജീവന്മ്മരണപ്രശ്നം
സേലം ഡിവിഷനാണ്.


നിയമസഭയിലൊരു കുഷ്യന്‍ സീറ്റ് പോയിട്ട്,
കൊച്ചു സ്റ്റൂള്‍പോലുമില്ലെങ്കിലെന്തു..
ഹറ്ത്താ‍ല്‍! എന്നൊന്നു ഉറക്കത്തിലെങ്കിലും
മന്ത്രിക്കുകയേവേണ്ടൂ-
ഘോഷയാത്രയായി മലയാളീ തിരിയേ
വീട്ടിലേക്കു നൂണ്ടുകയറൂം.

ഉള്ള സത്യം പറയാമല്ലോ-
പണീയെടുക്കാതെ മൂന്നുനേരം തിന്നും കുടിച്ചും
ആഘോഷിക്കാനൊരു ദിവസം കിട്ടിയാല്‍
ULFA വിളിച്ചാലും ഞങ്ങള്‍
മലയാളീകള്‍ വിളികേള്‍ക്കും!

ഞാന്‍ നാട്ടിലില്ലാതെപോയല്ലോ..
ഹോളീഡേക്കെട്ടുവിടുമ്പോള്‍
ഹറ്ത്താല്‍ ലഹരി - വിമുക്ത ചികിത്സാകേന്ദ്രങ്ങള്‍ തുറക്കാന്‍
ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹറ്ജ്ജി സമര്‍പ്പിക്കാമായിരുന്നു.