മലയാളം ബ്ലോഗ്ലോകത്തിലെത്തിയിട്ട് ഇന്നൊരു വർഷം തികയുന്നു.
ഇത്രപെട്ടന്നോ എന്നെനിയ്ക്ക് തന്നെ സംശയം!
ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണം നീണ്ട അവധിയിൽ പ്രവേശിച്ചപ്പോൾ സത്യത്തിൽ,ഒരു കൂട്ടിന് പുറത്തേയ്ക്ക് രക്ഷപ്പെട്ട ആഹ്ലാദമായിരുന്നു.
ഇഷ്ട്ടമുള്ള കാര്യങ്ങളൊക്കെച്ചെയ്യാൻ ധാരാളം സമയം!
കുറെക്കാലമായി മുടങ്ങിക്കിടക്കുന്ന ഗൗരവമുള്ള വായന തിരിച്ചുപിടിയ്ക്കുക, ശേഖരിച്ചുവെച്ച പാട്ടുകളൊക്കെ അടുക്കും ചിട്ടയുമായി സിഡികളിലേയ്ക്ക് മാറ്റുക, നല്ല സിനിമകളെടുത്ത് കാണുക, ‘വിവരം വെയ്പ്പിയ്ക്കുന്ന’ ചാനലുകളൊക്കെയിരുന്നു കുറെനേരം കാണുക,അങ്ങിനെയങ്ങിനെ... ആക്കൂട്ടത്തിൽ,ഇടയ്ക്ക് ധാർമ്മീകരോഷമിളകുമ്പോൾ പ്രകടിപ്പിയ്ക്കാനൊരിടം എന്ന ഉദ്ദേശ്യം മാത്രമേ ബ്ലോഗ്തുടങ്ങുമ്പോളുണ്ടായിരുന്നുള്ളു.
പക്ഷെ,പിന്നീട് പല ബ്ലോഗുകളും കേറിയിറങ്ങി വായിച്ചുവന്നപ്പോഴാൺ, എന്റെ ധാരണയുടെ മൗഢ്യം തിരിഞ്ഞതും,വിലപിടിപ്പുള്ള ഒരു വെളിപാടുണ്ടായതും-എഴുത്ത്,അതെവിടെയായാലും ഗൗരവമുള്ള ഒരു ഉത്തരവാദിത്ത്വമാൺ എന്ന ബോധം!
അതുവരെ നെറ്റിലെ പ്രധാന പരിപാടി പാട്ടുകളന്വേഷിച്ചലയലായിരുന്നു. അങ്ങിനെ പല നല്ല സൈറ്റുകളിലും ചെന്നെത്തിപ്പെട്ട്, ഒരേപോലെയുള്ള സംഗീതതാല്പര്യങ്ങൾ സൂക്ഷിയ്ക്കുന്ന കുറച്ച് നല്ല സുഹൃത്തുക്കളേയും കിട്ടിയിരുന്നു. ഭൗതീകലോകത്തിലെ ദൈനംദിന വ്യാപാരങ്ങളിൽ കിട്ടാൻ എളുപ്പമല്ലാത്തൊരു സൗഭാഗ്യമായിരുന്നു അത്.
ബ്ലോഗുലകത്തിലെത്തിയപ്പോൾ ഈ സൗഭാഗ്യത്തിന്റെ ചക്രവാളങ്ങൾ ഒന്നുകൂടി വികസ്വരമായതായിരുന്നു ഏറ്റവും ആഹ്ലാദകരമായിത്തോന്നിയ അനുഭവം. കലാകാരന്മാരുടേയും സാഹിത്യകാരന്മാരുടേയും ചില ഒത്തുകുടലുകളേയും, കൂട്ടങ്ങളെപ്പറ്റിയുമൊക്കെ വായിക്കുമ്പോൾ വല്ലാത്ത കൊതിയും അസൂയയുമൊക്കെ തോന്നിയിട്ടുണ്ട്. ഇങ്ങിനത്തെ ‘സത്സംഗ’ങ്ങൾ,നമ്മുടെ നാട്ടിലെയൊരു സാഹചര്യത്തിൽ,പൊതുവേ പെണ്ണുങ്ങൾക്ക് കിട്ടാക്കനിയാൺ. എന്നാല്‍,ഇതാ ഇവിടെ,ഈ ബ്ലോഗ് ലോകത്തിൽ, ഒരുമാതിരിയുള്ള എന്റെ എല്ലാ താല്പര്യങ്ങളും പങ്കിടാൻ പറ്റിയവർ, ഒരു മൊസ്ക്ലിക്കിനപ്പുറം കാത്തിരിയ്ക്കുന്നു!
(അതുകൊണ്ടാകുമോ എന്നറിയില്ല,പലപ്പോഴും സ്വന്തം ബ്ലോഗ്പോസ്റ്റുകളെഴുതുന്നതിനേക്കാള്‍ ഞാന്‍ ആസ്വദിച്ചേഴുതുക മറ്റ് പോസ്റ്റുകള്‍ക്കുള്ള കമന്റുകളാണ്‍)
ശരീര-സ്ഥലങ്ങളുടെ കാണാച്ചരടുകൾ പൊട്ടിച്ച് സൈബർലോകത്തിൽ നീന്തിനടക്കുക, ഇഷ്ട്ടം തോന്നുന്ന ചിലതുരുത്തുകളിലൊക്കെ പറന്നുകേറുക... ഇടയ്ക്കെന്തെങ്കിലുമൊക്കെ തോന്നുന്നത് പറയുക.. യഥാർത്ഥലോകത്തിൽ അപ്രാപ്യമായ രസങ്ങള്‍!
കവിത്യ്ക്ക് മാത്രമായൊരു ബ്ലോഗ് തുടങ്ങിയത് കുറേക്കഴിഞ്ഞാൺ. ആനുകാലികങ്ങളിൽ കവിതകൾ വരുമ്പോൾ,മനസ്സിരുത്തി വായിയ്ക്ക്‍ാനും,അഭിപ്രായം പറയാനും താലപര്യമുള്ള വായനക്കാരെ കൺവെട്ടത്ത് കിട്ടുക അതീവ ദുഷ്ക്കരം. അച്ചടിമാദ്ധ്യമത്തില്‍ നമ്മളറിയാത്ത നമ്മളെ അറിയാത്ത,നൂറ്കണക്കിനാളുകള്‍ കവിത,അലസമായോ മനസ്സിരുത്തിയോ ഒക്കെ വായിച്ച് കടന്ന് പോകുന്നുണ്ടാകാം.
പക്ഷെ,അവര്‍ക്കത് വായിച്ച് എന്തുതോന്നിയെന്ന് ഒരു കാലത്തും നമ്മളറിയാന്‍ പോകുന്നില്ല!
ഇവിടെ,നമുക്കറിയാവുന്ന ഏതാനും നല്ലവായനക്കാര്‍ വന്ന് കവിത വായിയ്ക്കുന്നു... വിരലിലെണ്ണാവുന്നവരെങ്കില്‍ക്കൂടി,ഉടനെ അഭിപ്രായമറിയിയ്ക്കുന്നു...
പലപ്പോഴും കവിതയുടെ ഞാന്‍ അറിയാത്ത തലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നു...
എന്റെ കണ്ണില്പ്പെടാത്ത തെറ്റുകുറ്റങ്ങള്‍ കാണിച്ചുതരുന്നു...
ബ്ലോഗില്‍ കവിതയെഴുത്ത് കൂടുതല്‍ സാര്‍ത്ഥമാകുന്നതങ്ങിനെയാണ്‍.
വളരെക്കുറച്ച്മാത്രം എഴുതുന്ന എന്നെപ്പോലെയുള്ളൊരാള്‍ക്ക്, കൂടുതലെഴുതാനുള്ളൊരു ഊര്‍ജ്ജം പകര്‍ന്നു തരുന്നത് ഈ വായനക്കാരുടെ സന്മനസ്സാണ്‍.
ഇതിനൊക്കെമേലേയാണ്‍,ഇവിടെനിന്നും കിട്ടിയിട്ടുള്ള പുതിയഅറിവുകള്‍.മുന്‍പൊക്കെ ആനുകാലികങ്ങളും പത്രങ്ങളുമൊക്കെ വായിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കാതെ വിട്ടുകളയുന്ന പലതിനെപ്പറ്റിയും കൂടുതലറിയണമെന്നൊരു ആഗ്രഹം തോന്നിത്തുടങ്ങിയെങ്കില്‍, അതും ഇവിടെനിന്നുണ്ടായ അധിക കുതൂഹലം.
പഴയപാട്ടുകളിലെ കാവ്യാംശം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനായി തുടങ്ങിയ ബ്ലോഗ് മാത്രം ഒരല്പ്പം നിരാശപ്പെടുത്തി. അവയിലെ ഭാവനയോ വരികളോ ഒന്നും ചര്‍ച്ചാവിഷയമായിക്കണ്ടില്ല.
ബ്ലോഗുകളിലെ ഇടപെടലുകളിലൂടെ കുറെയേറെ നല്ല സുഹൃത്തുകളുണ്ടായി.
എങ്കിൽത്തന്നെയും,ബ്ലോഗിനപ്പുറത്തേയ്ക്ക്,
ഇ-മെയില്‍ സൗഹൃദത്തിലേയ്ക്ക് വളര്‍ന്നവ
ഒരു കൈവിരലിലൊതുങ്ങും. ജിടോക്ക് തുറക്കാറ്തന്നെയില്ല...
തെറ്റെന്റേത് തന്നെ!
ഞാനെഴുതുന്നത്,എന്നെ അറിയാതെ സ്വതന്ത്രമായി വായിയ്ക്കപ്പെടണം എന്ന ഒരാഗ്രഹം കൊണ്ട് ബോധപൂര്‍വ്വം തന്നെ ഒരകലം സൂക്ഷിയ്ക്കുകയായിരുന്നു. ഒരുപക്ഷെ,അതിനെപ്പറ്റിയൊരു പരിഭവം ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ പൊറുക്കുക.
ബ്ലോഗുകളിലൂടെയുള്ള സഞ്ചാരമിപ്പോള്‍ ഒരു ശിലമായിപ്പോയിരിയ്ക്കുന്നു.
ലീവെടുക്കുമ്പോള്‍ ചെയ്യണമെന്ന് കരുതിയിരുന്ന പരിപാടികള്‍ പലതും,ആഗ്രഹിച്ചത് പോലെ നടപ്പാക്കാന്‍ ഇനിയുമായിട്ടില്ലെങ്കില്‍,അതിനീയൊരൊറ്റ കാരണമേ പറയാനുള്ളു-കമ്പൂട്ടറിനു മുന്‍പില്‍ നീണ്ടസമയമെടുത്തുള്ള ഈ ഇരിപ്പ്.
ഇടയ്ക്കൊരുമാസത്തോളം നാട്ടിലായിരുന്നപ്പോള്‍,ബ്ലോഗ്ലോകത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. അത്ഭുതം തോന്നിയത്,എന്റെതായ കുറേസമയം പൊടുന്നനെ തിരിച്ചുകിട്ടിയതുപോലെയുള്ള ഒരു ലാഘവം ആ സമയത്തുണ്ടായീ എന്നതാണ്‍.
വീണ്ടും സ്വതന്ത്രയായതുപോലെ!
ഒരുകൂട്ടില്‍നിന്നും പറന്നുകേറിയത് മറ്റൊരു കൂട്ടിലേയ്ക്കാണോ എന്നൊരു സംശയമുണ്ടായതപ്പോഴാൺ.
ഇടയ്ക്ക് തീരുമാനിയ്ക്കും,കുറേനാളിനിയിങ്ങോട്ട് കേറുകയേവേണ്ട.
പക്ഷെ,അതിതുവരെ നടപ്പായില്ല!
കഥപറയുന്ന,കവിതചൊല്ലുന്ന,വിജ്ഞാനം പകരുന്ന,തമാശകള്‍ പൊട്ടിയ്ക്കുന്ന,പഴങ്കഥ ചൊല്ല്ലിത്തരുന്ന,പാട്ട്പാടുന്ന,തത്വജ്ഞാനം വിരിയുന്ന,രാഷ്ട്രീയംവിശകലനം ചെയ്യുന്ന, കാണാക്കാഴ്ച്ചകൾ ചിത്രങ്ങളിലാക്കിക്കൊണ്ടുതരുന്ന,ആത്മീയം പഠിപ്പിയ്ക്കുന്ന,യുക്തിയുടെ വിരൽ ചൂണ്ടുന്ന,തര്‍ക്കിയ്ക്കുന്ന,വാദിയ്ക്കുന്ന.. അങ്ങിനെയങ്ങിനെ ഭൂമിയിലെയുമാകാശത്തിലേയും എന്തിനെപ്പറ്റിയും കലപിലാ സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന ബഹുസ്വരരൂപിയായൊരു അദൃശ്യസാന്നിദ്ധ്യം!
വിട്ടുപോകാന്‍ തോന്നാത്ത എന്തോ ഒരാകര്‍ഷണമുണ്ടിതിന്‍.
സ്വതവേയുള്ള അലസതയും നിദ്രാദേവിയോടുള്ള അമിതാരാധനയും കാരണം,ഈ അവധികാലത്ത്‍,ഒരുപക്ഷെ തുരുമ്പെടുത്ത് പോകുമായിരുന്ന എന്റെ ബുദ്ധിയെ സചേതനമായി, ഊര്‍ജ്ജ്വസ്വലമായി നിലനിര്‍ത്തിയത് ഈ ബൂലോകത്തിലെ,കാണാമറയത്തിരിയ്ക്കുന്ന,കുറേ കൂട്ടുകാരാണ്‍.
ഞാനെഴുതിയിടുന്നത് വന്ന് വായിച്ച്പോയവര്‍ ഓരോരുത്തരുടേയും മുന്‍പില്‍,ആദരവോടെ സ്നേഹത്തോടെ തലകുനിയ്ക്കുന്നു.
വായിച്ചഭിപ്രായമെഴുതാൻ സമയം കണ്ടെത്തിയവരോട് ഈ ആദരവിനും സ്നേഹത്തിനും പുറമെ ഒന്നുകൂടി-
'നന്ദി'എന്നൊരു വാക്ക് പറഞ്ഞാലൊന്നുമാകില്ല...
മറ്റൊരു വാക്കില്ലല്ലൊ പകരം!
ബ്ലോഗ്ശരീരത്തിന്റെ ഓക്സിജനാണ്‍ കമന്റുകള്‍ എന്നാണെന്റെ വിശ്വാസം.
നീണ്ട പന്ത്രണ്ട് മാസം എന്നെയിവിടെ നിലനിർത്തി, എന്റെ പോസ്റ്റുകള്‍ക്ക് ജീവവായു പകരാൻ നിങ്ങളുണ്ടായതു കൊണ്ടാൺ ഞാൻ ഇന്നീക്കുറിപ്പെഴുതുന്നത്...
I continue to exist here because you exist!
Sunday, 26 October 2008
ആയിരം സ്വരങ്ങളുള്ള അദൃശ്യസാന്നിദ്ധ്യത്തൊടൊപ്പം ഒരു വർഷം
Posted by ഭൂമിപുത്രി at 10/26/2008 04:00:00 pm
Subscribe to:
Post Comments (Atom)
45 comments:
എന്റെ വായനക്കാർക്ക് സ്നേഹപൂർവ്വം...
തുടരുക...
കേട്ടും വായിച്ചും മാത്രം അറിയാമായിരുന്ന ചിലരോടെങ്കിലും എനിക്ക് നേരിട്ടോ കമന്റുകളിലൂടെയൊ സംവദിക്കാന്‍ കഴിഞ്ഞിട്ടുണ്ടങ്കില്‍ അതിനുത്തരവാദി ബ്ലോഗാണ്.
കൂടുതല്‍ വായിക്കാനായി ഞങള്‍ ഇവിടെ തന്നെയുണ്ടാവും.
നന്മകള്‍
ഭൂമീപുത്രീ,
വ്യത്യസ്തസ്വരമുള്ള ഒരു കവി താങ്കളിലുണ്ട് എന്നെനിക്കു തോന്നുന്നു.
അടുത്തിടെ,വായനയിൽ റിക്കോഡിട്ട് മുന്നേറിക്കൊണ്ടിരിക്കുന്ന എന്റെ മുത്തശ്ശിക്ക് ഞാൻ താങ്കളുടെ കവിതകൾ കാണിച്ചുകൊടുത്തു.
മുത്തശ്ശിയുടെ അഭിനന്ദനം കൂടി അറിയിക്കുന്നു.
തുടരുക.
ആശംസകൾ!
ഒന്നാം പിറന്നാളാശംസകള്‍....
ആശംസകള്‍...
This is one of my favourites blogs.
Congrats and all the best!!!
ഭൂമിപുത്രി,
കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് കടന്നുവരാനുള്ള സാമൂഹ്യഇടങ്ങള്‍ (social space) വിരളമാണ്. ബ്ലോഗ് അതിനാല്‍ നിങ്ങള്‍ക്കൊക്കെ ഒരു വരദാനം തന്നെ.
പ്രവാസികള്‍ക്കും നെറ്റിലെ കൂട്ടായ്മകള്‍ സാന്ത്വനമരുളുന്നു.
ആശംസകള്‍!
ഒന്നാം പിറന്നാളല്ലെ?
സദ്യ അല്ല ചെലവ് എവിടെ?
anyway so many happy returns
of the day.................!!
ഒന്നാം വാര്‍ഷികത്തിന് എല്ലാവിധ ആശംസകളും.
എല്ലാ ആശംസകളും...
എന്റെ മനസ്സില്‍ തോന്നിയിരുന്ന ഒരുപാടു കാര്യങ്ങള്‍ ഇവടെ പറഞ്ഞിരിക്കുന്നു..എപ്പോഴും കരുതും,കമ്പ്യൂട്ടറിന് മുന്നിലുള്ള ഈ ഇരുപ്പു അവസാനിപ്പിക്കും,ഞാന്‍ കുറച്ചു നാള് ഇവിടെ വരില്ല എന്നൊക്കെ...പക്ഷെ,ഈ ബൂലോകത്തിന്റെ കാന്തിക സ്വഭാവം എപ്പോഴും എന്നെ ഇതിലേയ്ക് ആകര്‍ഷിച്ചു കൊണ്ടേ ഇരിക്കുന്നു..മറ്റു ബൂലോകരെപ്പോലെ.
ഇനിയും,ഇനിയും എഴുതൂ...ഒരുപാടൊരുപാട്.
ബൂലോകത്തില്‍ ഒന്നാം പിറന്നാളാഘോഷിക്കുന്ന ഭൂമി പുത്രി ചേച്ചിക്ക് ഒത്തിരിയൊത്തിരി ആശംസകള്‍..ഈ ബൂലോകത്ത് എനിക്കു കിട്ടിയ സൌഭാഗ്യത്തിലൊന്നു ചേച്ചിയുമായി പരിചയപ്പെടാന്‍ സാധിച്ചതാണു.. ബൂലോകത്ത് 100 പിറന്നാളുകള്‍ തികയ്ക്കാന്‍ ഭാഗ്യം ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു
എന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ
എല്ലാ ആശംസകളും. ആഗ്രഹിച്ചപോലെ ഇനിയും പറന്നു നടക്കാനും എഴുതാനും കഴിയട്ടെ എന്നു ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.....കൂട്ടത്തില്‍ ഒരു പിറന്നാളാശംസയും!...
കഥപറയുന്ന,കവിതചൊല്ലുന്ന,വിജ്ഞാനം പകരുന്ന,തമാശകള്‍ പൊട്ടിയ്ക്കുന്ന,പഴങ്കഥ ചൊല്ല്ലിത്തരുന്ന,പാട്ട്പാടുന്ന,തത്വജ്ഞാനം വിരിയുന്ന,രാഷ്ട്രീയംവിശകലനം ചെയ്യുന്ന, കാണാക്കാഴ്ച്ചകൾ ചിത്രങ്ങളിലാക്കിക്കൊണ്ടുതരുന്ന,ആത്മീയം പഠിപ്പിയ്ക്കുന്ന,യുക്തിയുടെ വിരൽ ചൂണ്ടുന്ന,തര്‍ക്കിയ്ക്കുന്ന,വാദിയ്ക്കുന്ന.. അങ്ങിനെയങ്ങിനെ ഭൂമിയിലെയുമാകാശത്തിലേയും എന്തിനെപ്പറ്റിയും കലപിലാ സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന ബഹുസ്വരരൂപിയായൊരു അദൃശ്യസാന്നിദ്ധ്യം!
അതെ. അതു തന്നെ.
നമ്മെ ഒക്കെയും ബന്ധിക്കും സാധനം...
ഹരിനാമകീര്‍ത്തനം..
ആശംസകള്‍ നേരുന്നു. ഇനിയും ഇനിയും ബൂലോകത്ത് താങ്കളുടെ കാല്പാടുകള്‍ പതിയട്ടെ. ഭാവുകങ്ങള്‍.:)
ഓ.ടോ. സദ്യ ഒന്നും ഇല്ലേ...പായസം എങ്കിലും..
ബന്ധങ്ങളൂഷ്മളമാകട്ടെ.....
വായന ശക്തവും.....
ആശംസകള്‍.........
ആശംസകൾ
ആശംസകള്‍
തറവാടി/വല്യമ്മായി
ഹൃദയം നിറഞ്ഞ ആശംസകള്‍....ഇനിയുമൊരുപാടൊരുപാടെഴുതാന്‍ ജഗദീശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ...
വാറ്ഷികാശംസകള്‍!
ഭൂമിപുത്രി ഒരു കവിതക്കാരിയാണെന്നു കരുതി ഞാന് അധികം ഇവിടം സന്ദറ്ശിച്ചിട്ടില്ല..വളരെ പോസിറ്റിവ് ആയി ഇടപെടലുകള്‍ നടത്തിയിട്ടുണ്ടല്ലൊ..നന്നായിരിയ്ക്കുന്നു
ഭൂമിപുത്രി,
ഗൌരവമായി ബ്ലോഗ്ഗിങ്ങിനെ കാണുന്നു എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ഒരാളെ കാണുന്നതില്‍ സന്തോഷം. വാര്‍ഷിക പോസ്റ്റുതന്നെ നിങ്ങളുടെ നിലപാടുകളുടെ തെളിവാണ്.
ഇനിയും തീവ്രമായ ഇടപെടലുകളുമായി ബൂലോകത്തു നിറഞ്ഞു നില്‍ക്കുക.
ആശംസകള്‍.
എന്റെ ആശംസകള്‍....ഇനിയും ഒരുപാട് കാലം ഇവിടെ ഇങ്ങനെയൊക്കെ തുടരാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു....
ജയശ്രീച്ചേച്ചിയുടെ എല്ലാ ബ്ലോഗിലേയ്ക്കും നോട്ടമെത്തിയിട്ടില്ല.
കവിതയോട് പൊതുവെയുള്ള നിസംഗതയാവാം കാരണം.
ബ്ലോഗ്ഗില്‍നിന്ന് ഒരുപാട് സൌഹൃദങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള മൂല്യമേറിയ ഒന്നിനെ ഉപാസന എന്നും ബഹുമാനിക്കുന്നു.
ചേച്ചിയ്ക്ക് ഒന്നാം പിറന്നാളാംശകള്‍.
ഇനിയും തുടരുക ഈ വഴിയിലൂടെ
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
ON Topic : Post heading is Super..!
padikal iniyum eere kayaratte.
കണ്‍ഗ്രാജുലേഷന്‍സ് ഫോര്‍ ദിസ് വണ്ടര്‍ഫുള്‍ പോസ്റ്റ്!!!
“ഞാനെഴുതിയിടുന്നത് വന്ന് വായിച്ച്പോയവര്‍ ഓരോരുത്തരുടേയും മുന്‍പില്‍,ആദരവോടെ സ്നേഹത്തോടെ തലകുനിയ്ക്കുന്നു.“
ഈ ഒരൊറ്റ ഡയലോഗ് മതി....
സിമ്പ്ലിസിറ്റി ഓഫ് കാരക്റ്റര്‍ ഈസ് ദ നാച്ചുറല്‍ റിസള്‍ട് ഓഫ് പ്രൊഫൌണ്ട് തോട്ട്
Simplicity of character is the natural result of profound thought
:)
നന്മകള്‍ നേരുന്നു....
വാര്‍ഷിക ആശംസകള്‍, ചേച്ചീ.
ഈ എഴുത്ത് ഇനിയും തുടരുക
ആശംസകൾ...
നന്മകള്‍ നേരുന്നു....
ഞാനും ഒരു വർഷം പൂർത്തിയാക്കി
ആശംസകൾ
നജൂസെ-ആ ഉറപ്പ് കിട്ടിയാൽമതി :)
വികടശിരോമണീ-വളരെ സന്തോഷം തോന്നി ഇതു വായിച്ചപ്പോൾ.
ഒപ്പം വായനക്കാരിയായ ആ അമ്മയോട് ഒരുപാട് ബഹുമാനവും.
എന്റെ പ്രത്യേക സ്നേഹം പറയണേ..
പ്രിയാ(ഉണ്ണികൃഷ്ണൻ)-ശൊ! ഇതൊക്കെ നേരത്തേ പറയണ്ടേ?
എന്നാലെനിയ്ക്ക് നേരത്തേ സന്തോഷിയ്ക്കായിരുന്നല്ലൊ :))
എബിഗ് താങ്ക്സ്ട്ടൊ!
കിഷോർ-അതേ,ബ്ലോഗുകളുടെ സ്വാതന്ത്ര്യം ഏറ്റവുമധികം ആസ്വദിയ്ക്കുന്നത്
നമ്മുടെ സ്ത്രീകൾ തന്നെയാകും
ഗോപ്ക്-നിങ്ങളൊക്കെ ഇവിടെവന്ന് ആശംസിയ്ക്കുന്നത് തന്നെയല്ലേ
എന്റെ സദ്യ?
സ്മിത-ഓ,ഇതുപോലെ പലർക്കും തോന്നാറുണ്ടല്ലേ? അതൊരു നല്ല അറിവായിരുന്നു
കാന്താരിക്കുട്ടീ-ഈ വാക്കുകൾക്ക് പ്രത്യേക സന്തോഷംട്ടൊ.
അയ്യോ,100 ഒന്നും വേണ്ട!
വയസ്സുകാലത്ത് കിടന്ന് കഷ്ട്ടപ്പെടാൻ വയ്യ
വേണൂ,ഈ നല്ല ആശംസകൾ തന്നെ പായസം!
പ്രീയാ(വദെ)-എന്നാലുമിങ്ങിനെയൊക്കെ വിചാരിച്ച് എന്നെ ഒഴിവാക്കിയല്ലൊ!
ഇനീപ്പൊ തെറ്റിദ്ധാരണ മാറീല്ലോല്ലെ?
അനിൽ-അതെ,അനിലിന്റെ പോസ്റ്റുകൾ അതിനൊരു നല്ല മാതൃകയാൺ
ഉപാസന-സ്നേഹം നിറഞ്ഞ ഈ വരികളാൺ ഏറ്റവും സന്തോഷം സുനിൽ
Tomkid- I am humbled!
പോസ്റ്റിഷ്ട്ടപ്പെട്ടെന്ന പറഞ്ഞത് കൂടുതൽ സന്തോഷം
നിങ്ങളെല്ലാരോടും ഒപ്പം
ചാണക്യൻ,ഹരീഷ്,പാമരൻ,രാമചന്ദ്രൻ,സ്നേഹതീരം,മടായി,
രൺജിത്,ലക്ഷ്മീ,വല്ല്യമ്മായീ&തറവാടീ,
മയില്പീലി,ശിവ,ജിതേന്ദ്ര,sv,ശ്രീ,പൊറാടത്ത്,ഇൻഡ്യഹെറിറ്റേജ്,അനൂപ്
(അനൂപിനും വാർഷികാശംസകൾ) എന്നിവരോടും,സ്നേഹപൂർവ്വം ഇവിടെവന്ന് നൽകിയ ഈ ആശംസകൾക്കും അനുഗ്രഹങ്ങൾക്കും, ഒരുപാടൊരുപാട് സന്തോഷം അറിയ്ക്കട്ടെ.
എന്റെ മനസ്സിലെ വിചാരധാരകള്‍ ഭൂമിപുത്രി എങ്ങനെ ഇത്ര കൃത്യമായി ഒപ്പിയെടുത്തു?
ഈ പോസ്റ്റില്‍ ഭൂമിപുത്രി എഴുതിയിരിക്കുന്നതത്രയും എനിക്കും സ്വന്തം.
തീര്‍ച്ചയായും വല്ലാത്തൊരാകര്‍ഷണം തന്നെയാണീബൂലോകം. ഒരുവിധത്തില്‍ പറഞ്ഞാല്‍ അതിനടിമപ്പെട്ടു എന്നുതന്നെ പറയാം.
“ഞാനെഴുതുന്നത്,എന്നെ അറിയാതെ സ്വതന്ത്രമായി വായിയ്ക്കപ്പെടണം” ഇതു തന്നെയാണ് വേണ്ടത്.
എന്റെ ഗീതമ്മേ!ഇതിനു വല്ല ഡീ അഡിക്ക്ഷൻ സെന്ററും ഒന്നു കണ്ടുപിടിയ്ക്കുന്നേ.മ്മക്ക് രണ്ട്പേർക്കും ഒരുമിച്ച്പോയി ചികിത്സിച്ചിട്ട് വരായിരുന്നു...സ്മിതെം വരുമായിരിയ്ക്കും.
ആശം സകള്‍
ഇനിയും കൂടുതല്‍ എഴുതാന്‍ ഈശ്വരന്‍ സഹായിയ്ക്കട്ടെ ...
ആശംസകള്‍ ...
ആശംസകള്‍... ... ഇത്തിരി വൈകിയെങ്കിലും...
എന്നും വായിക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ എഴുതുന്ന ഭൂമിപുത്രിയിൽ നിന്നും ഇനിയും ചിന്തിപ്പിക്കുന്ന കവിതകളും ചിരിപ്പിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെ പറ്റിയുള്ള ചർച്ചകളും, എല്ലാത്തിനുമുപരിയായ് പൊയ്പോയ സുവർണ്ണ കാല സംഗീത നുറുങ്ങുകളും പ്രതീക്ഷിക്കുന്നു..ഭാവുകങ്ങൾ
onnaam pirannaalasamsakal!!!!!ella postum nannaytundu.
ആശംസകളുമായി എത്താൻ കുറച്ചു വൈകി പോയി മനോഹരമായിരിക്കുന്നു ഒരുപാടു പേരുടെ മനസ്സാണു ഇവിടെ തുറന്നു വെച്ചതു ഭുമിയോള്ളം പരന്ന ആകാശത്തോള്ളം വിശാലമായ ഒരു കൂട്ടായ്മയുടെ തണലിലാണു നമ്മൾ. ആശംസകൾ
വൈകിയാണെങ്കിലും.. ആശംസകളോടേ..
അനാഗതാ,വിനോദ്,സാൻഡ്സ്,
ഇട്ടിമാളു,കല്ല്യാണിച്ചേച്ചി-ഇവിടെ വന്ന് ആശംസിച്ചതിൽ വളരെ സന്തോഷമുണ്ട്ട്ടൊ
കാഥിക,വരവൂരാൻ-ഈ നല്ല വാക്കുകൾ എന്നും പ്രചോദനമാകുന്നു..കുറേസന്തോഷം.
ബ്ലോഗ് ഹെഡ്ഡറിലെ ജാലകം കൊള്ളാം
മനോഹരമായ ബ്ലോഗ്
ഞാനെപ്പോഴും ബ്ലോഗിന്റെ ഭംഗിയാണാസ്വാദിക്കുക
വരികളും കൊള്ളാം
++++++++
ത്രിശ്ശിവപേരൂരില് ഒരു ബ്ലോഗറ് കൂട്ടം
ഞാന്‍ എന്റെ നാട്ടിലെ ബ്ലോഗര്‍മാര്‍ക്ക് മാസത്തില്‍ ഒരിക്കലോ, വല്ലപ്പോഴുമൊക്കെയോ സമ്മേളിക്കാന്‍ ഒരു ക്ലബ്ബ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.
തുറന്ന വേദിയില്‍ ആശയവിനിമയം നടത്താനും, പരിചയപ്പെടാനും, ശില്പശാലകള്‍ നടത്താനും എല്ലാം ഈ വേദി ഉപയോഗപ്പെടുത്താമല്ലോ?
kindly visit my blog and read the rest
i shall be obliged if you could circulate this message to your friends world wide
എന്തഭിപ്രായമാ ഇടേണ്ട് മോളേ?
നന്മകള്‍ നേരുന്നു...
നന്നായി വരട്ടെ!
സ്നേഹത്തോടെ
ജെ പി അങ്കിള്‍
തൃശ്ശിവപേരൂര്‍
ജെപി സാറെ,ഈ വാക്കുകൾക്ക് സന്തോഷം മാത്രം
Ashamsakal...!!!
Post a Comment