Sunday, 18 January 2009

മറ്റൊരൊഴുക്ക്

മാറ്റങ്ങൾ അനിവാര്യം,പക്ഷെ അസ്വസ്ഥജനകം.
കൂനിക്കൂടിയൊരു മൂലയ്ക്ക് തീകാഞ്ഞിരിക്കുമ്പോൾ,അവിടെനിന്നൊന്ന് മാറിയിരിയ്ക്കാൻ പറഞ്ഞാൽ ആർക്കാണിഷ്ട്ടമുണ്ടാകുക?
ആ കുത്തിയിരുപ്പിൽനിന്നൊരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിൽക്കൂടി,
ആദ്യം മനസ്സൊന്ന്
പ്രതിഷേധിച്ച് പിടയും.
എല്ലാ മാറ്റങ്ങളും നല്ലതിനാകാം..
പുതിയ അനുഭവങ്ങൾ ഓരോതിരിവിലും കാത്തിരിയ്ക്കുന്നു,
ജീവിതം വഴിയിൽ തളംകെട്ടിനിന്ന് വരണ്ടുപോകാതിരിയ്ക്കാനുള്ള ഒരു പൊട്ടിയൊഴുക്ക് ആസ്വദിയ്ക്കാൻ തയാറാവുകയാൺ


ഒരു വീടുമാറ്റം/നാടുമാറ്റം...
കുറച്ച് കാലത്തേയ്ക്കൊരു വിട പറയേണ്ടിവരുന്നു.
രണ്ടുമൂന്ന് മാസമെങ്കിലുമെടുക്കും ഇനിയൊന്ന് സ്വസ്ഥമാകാൻ.
കുറച്ചുദിവസമായി പെറുക്കിക്കെട്ടലുകൾ തുടങ്ങിയിട്ട്.
എങ്കിലും പറ്റുമ്പോഴൊക്കെ ബ്ലോഗുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തി
അവിടിവിടെ എന്തെങ്കിലുമൊക്കെ കുറിയ്ക്കാൻ ശ്രമിയ്ക്കാറുണ്ട്,
സമയവും കമ്പ്യൂട്ടറും ഒത്തുവരുമ്പോഴൊക്കെ അത് തുടരും..

ഇവിടെനിന്നങ്ങിനെ വിട്ടുപോകാൻ പറ്റാത്തത് കൊണ്ട്.

Sunday, 4 January 2009

നെറ്റിൽനിന്നും പുറംലോകത്തേയ്ക്ക് ‘ലാപുട’

വിരസതയുടെ വിശപ്പ് തിരിച്ചറിഞ്ഞ അപൂർവ്വമായ സൂക്ഷ്മസ്പർശിനി കൈമുതലായുള്ള ഒരു കവിയെ കണ്ടെടുത്ത്, മലയാളം ബ്ലോഗ് ലോകം,കേരളത്തിലെ,നല്ല സാഹിത്യം സ്നേഹിയ്ക്കുന്ന വായനക്കാർക്കായി പുറംലോകത്തിന് മുൻപിൽ അവതരിപ്പിയ്ക്കുകയാൺ-
’ലാപുട’ എന്ന ടി പി വിനോദിന്റെ “ നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍” എന്ന ആദ്യസമാഹാരം

ഗോളാന്തരവലയത്തിൽ വന്നുപെട്ടതുകൊണ്ട് മാത്രം പരിചയപ്പെട്ടുണ്ടായ ഒരു കൊച്ചുകൂട്ടം,മനസ്സുചേർത്ത് രൂപം കൊടുത്ത ഈ പുസ്തകം, ബുക്ക് റിപ്പബ്ലിക്കിന്റെ സമ്മാനമായി എറണാകുളത്തെ ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരകപ്പാർക്കിൽ ജനുവരി 10നു ഇന്റർനെറ്റിൽ നിന്നും പിറന്നുവീഴുന്നു.
കഴിയുമെങ്കിൽ ആ സായാഹ്നത്തിൽ അവിടെയെത്തി ഈ സംരംഭത്തിന്
പിന്തുണയേകുമല്ലൊ.സമയം-4.30.