Showing posts with label സാമൂഹ്യം. Show all posts
Showing posts with label സാമൂഹ്യം. Show all posts

Thursday, 10 July 2008

മോക്ഷപ്രാപ്തിയ്ക്കുതകാത്ത പെണ്മക്കള്‍

കഴിഞ്ഞ മാസം നാട്ടില്‍ ചെന്നപ്പോഴായിരുന്നു തിരുവനന്തപുരത്തെ വല്ല്യമ്മയുടെ (അമ്മയുടെ ചേച്ചി)മരണം.
95 വയസ്സ് വരെ ജീവിച്ച വല്ല്യമ്മ,അവസാനത്തെ രണ്ട് വറ്ഷങ്ങള്‍ കിടക്കയില്‍ത്തന്നെയായിരുന്ന.
സ്നേഹപൂറ്വ്വം,ക്ഷമാപൂറ്വ്വം പരിചരിച്ചിരുന്നതു വല്ല്യമ്മയുടെ ഇളയമകള്‍.
ഹൃദ്രോഗമടക്കം ഒരുമാതിരി എല്ലാവേണ്ടപ്പെട്ട അസുഖങ്ങളുമുള്ള ആ ചേച്ചി ഒരിയ്ക്കല്‍പ്പോലുമൊരു പരാതിയോ മടുപ്പോ പറഞ്ഞുകേട്ടിട്ടില്ല.
മറിച്ച് അമ്മയേ ശുശ്രൂഷിയ്കാന്‍ തനിയ്ക്ക് ഭാഗ്യമുണ്ടായല്ലോ എന്ന മട്ടായിരുന്ന

നല്ല തെളിഞ്ഞ ഓറ്മ്മയുണ്ടായിരുന്ന വല്ല്യമ്മ,ചേച്ചി അടുത്തു വരുമ്പോഴൊക്കെ,തളറ്ന്ന ശബ്ദത്തില്‍
‘അമ്മു കുളിച്ചോ?’
‘അമ്മു കാപ്പികുടിച്ചോ’
‘അമ്മുന്റെ മുഖം വല്ലാതെയിരിയ്ക്കുന്നു,അസുഖം വല്ലതുമുണ്ടൊ?’
എന്നൊക്കെ ആകാംക്ഷയോടെ അന്വേഷിയ്ക്കാറുമുണ്ടായിരുന്നു.

കണ്ടുനില്‍ക്കുന്നവരുടെ മനസ്സ് ആറ്ദ്രമാക്കുന്ന ആത്മബന്ധം!

എങ്കിലും വല്ല്യമ്മ മരിച്ചുകഴിഞ്ഞപ്പോള്‍ അന്ത്യകറ്മ്മങ്ങള്‍ ചെയ്യാന്‍ ചേച്ചിയ്കവകാശമില്ല!
ചേച്ചിയുടെ പെണ്മക്കള്‍ക്കുമവകാശമില്ല!


ആലുവയില്‍ താമസിയ്ക്കുന്ന വല്ല്യമ്മയുടെ മകന്റെ (ചേട്ടന്‍ നേരത്തെ മരിച്ചുപോയി)മകളുടെ മകന്‍ എത്തേണ്ടിവന്നു മരണാനന്തരച്ചടങ്ങുകള്‍ക്കായി. പന്ത്രണ്ടാം ക്ലാസും എന്ററന്‍സും പാസായി അന്തരനടപടികള്‍ തുടരുന്ന തിരക്കില്‍നിന്നു വന്ന് ,അന്ന് തന്നെ മടങ്ങേണ്ടി വന്ന ആ മോന്‍, ഈ മുത്തശ്ശിയെ കണ്ടിട്ടുള്ള സന്ദറ്ഭങ്ങള്‍ കൈവിരലിലെണ്ണാം.
പിന്നെ അഞ്ചാം ദിവസം സഞ്ചയന സംബന്ധിയായ കറ്മ്മങ്ങള്‍ക്കും കുട്ടിയൊന്ന് വന്നുപോയി.

ദഹനത്തിനും പിന്നെ സഞ്ചയനത്തിനും( ചിതയില്‍നിന്നും അസ്ഥി ശേഖരണം) മറ്റും പെണ്മക്കളെ ആ പ്രദേശത്തേക്കൊന്നും അടുപ്പിയ്ക്കുകപോലുമില്ല.
നാട്ടിലെല്ലായിടവും ഇങ്ങിനെതന്നെ.
അടുത്ത ബന്ധത്തില്‍ ആണ്കുട്ടികളില്ലെങ്കില്‍ ,തൊട്ടുതെറിച്ച ബന്ധത്തിലുള്ള ആരെയെങ്കിലും ഒപ്പിയ്ക്കും.ആറ്ക്കാനുംവേണ്ടി ഓക്കാനിയ്ക്കുന്നതുപോലെ അവരിതൊക്കെ ചെയ്തെന്ന് വരുത്തി അവരുടെ പാട്ടിന്‍ പോകുമ്പോള്‍ ,ഹൃദയമുരുകി തേങ്ങലടക്കി പെണ്മക്കള്‍ കാണാമറയത്ത് നില്‍ക്കുകയാവും.

എല്ലാ പ്രദേശങ്ങളിലും ഇതുതന്നെയാണെങ്കിലും,തുടറ്ന്നുവരുന്ന മരണാനന്തക്രിയകളില്‍നിന്നുപോലും പെണ്മക്കളെ അകറ്റിനിറ്ത്തുന്ന ഒരു രീതി,ഞാന്‍ മനസ്സിലാക്കിയിടത്തോളം,കൂടുതലായി ക്കാണുന്നതു തിരുവന്തപുരത്തും പരിസര പ്രദേശങ്ങളിലുമാണ്‍.
പതിനാറിനോമറ്റൊ ഒരു ‘സറ്വ്വാണി’ ചടങ്ങുണ്ട്.അന്നാറ്ക്കുവേണമെങ്കിലും കറ്മ്മങ്ങള്‍ ചയ്യാം.
അപ്പോള്‍ മാത്രം ഔദാര്യപൂറ്വ്വം സ്ത്രീകള്‍ക്ക് ഒരവസരം കൊടുത്തിട്ടുണ്ട്.

പ്ക്ഷെ,ആലപ്പുഴമുതല്‍ വടക്കോട്ട്,ഏറണാകുളം തൃശൂറ് ഒക്കെ സഞ്ചയനം കഴിഞ്ഞു, പതിനൊന്നോ പതിനാറോ വരെ, പെണ്മക്കള്‍ നിത്യബലിയിടാറുണ്ട്.
മേല്ല്‍പ്പറഞ്ഞ ചേച്ചിതന്നെ,വറ്ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തു വെച്ച് തന്റെ ചിറ്റമ്മയ്ക്ക് വേണ്ടി (എന്റെ അമ്മയ്ക്ക്) ബലിയിട്ടിട്ടുണ്ട്.
വീണ്ടും വടക്കോട്ട് നീങ്ങുമ്പോള്‍,പാലക്കാടൊക്കെ ഞാന്‍ അന്വേഷിച്ചിടത്തോളം ഈ തിരുവന്തപുരം രീതിയാണെന്നാണറിഞ്ഞതു.

കേരളത്തിലെ ബാക്കിയിടങ്ങളിലൊക്കെ എങ്ങിനെയാണെന്നറിഞ്ഞാല്‍ക്കൊള്ളാം.

സ്വകാര്യസംഭാഷണങ്ങളില്‍ പല പെണ്മക്കളും ഇതിനെക്കുറിച്ച് രോഷം കൊള്ളുന്നത് കേട്ടിട്ടുണ്ട്.
അപ്പോഴൊക്കെ ഞാന്‍ പറ്യും,‘നിങ്ങള്‍ നിറ്ബ്ബന്ധമായി പറയണമായിരുന്നു അമ്മയുടെ/അഛന്റെ കറ്മ്മം എനിയ്ക്കും ചെയ്യണം’ എന്ന്.
അതിനുള്ള മറുപടി ‘ആ സമയത്തു നമ്മളായിട്ടൊരു പ്രശ്നമുണ്ടാക്കണ്ടല്ലൊയെന്ന് വിചാരിച്ചു’ എന്നാകും.
ഇങ്ങിനയാണ്‍ പെണ്മ്ക്കള്‍ മാതാപിതാക്കളുടെമോക്ഷപ്രാപ്തിയ്ക്ക് പോലും ഉപകാരമില്ലാത്തവരായി തീരുന്നതു!

നായറ്സമുദായത്തിന്റെ എടുത്തുപറയാവുന്ന ഒരു മേന്മ,എന്റെ അഭിപ്രായത്തില്‍,പെണ്മക്കള്‍ക്ക് കൊടുക്കുന്ന പ്രാമുഖ്യവും മൂല്ല്യവുമാണ്‍.
സ്ത്രീധനസംമ്പ്രദായം അവരില്‍ പലരും സ്വീകരിച്ച്തുടങ്ങിയതോടെ ഈ ‘സ്ത്രീപക്ഷം’
ഏറെക്കുറെ ദുറ്ബ്ബലമായിത്തുടങ്ങി.

സമുദായത്തിന്റെ രീതിയനുസരിച്ചാണെങ്കില്‍ ‘പുലബന്ധം’ പോലുമില്ല ആദ്യം പറഞ്ഞ പന്ത്രണ്ടാംക്ലാസുകാരന്‍.
പക്ഷെ,തിരുവന്തപുരം ശൈലിയില്‍ മകളുടെ മകന്‍ അവസാന കറ്മ്മംചയ്യുന്നതിനേക്കാളും മഹത്തരമാണത്രെ മകന്റെ മകന്‍-പൌത്രന്‍- ചെയ്യുന്നതു!!
ധറ്മ്മം,അറ്ത്ഥം,കാമം,മോക്ഷം എന്നീ നാല്‍ പുരുഷാറ്ത്ഥങ്ങളില്‍ , നരകത്തില്‍ നിന്നു ത്രാണനം ചെയ്ത് (രക്ഷിച്ചു) മോക്ഷമാറ്ഗ്ഗം നേടിക്കൊടുക്കുന്നവനാണത്രെ ‘പുത്രന്‍ ’ (സംസ്കൃതം കഷ്ട്ടിയാണ്‍,തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലൊ).
പുത്രിയ്ക്കിവിടെ എന്തെങ്കിലും റോള്‍ ഉള്ളതായി അറിവില്ല.

ആണ്‍കുട്ടികള്‍ മതിയെന്ന് തോന്നാനുള്ള പ്രധാനകാരണങ്ങളിലൊന്ന് ഈ ‘മോക്ഷപ്രദാനഗുണ’മാണെന്ന് പറഞ്ഞുവരുന്നു.
കുടുംബനാമം നിലനിറ്ത്തല്‍,വാറ്ദ്ധ്യകത്തിലെ തുണ,മറ്റ് സാമ്പത്തിക കാരണങ്ങള്‍ ഒക്കെ പുറകെയുണ്ട്.
മരണാനന്തരചടങ്ങുകളിലൊക്ക പുരുഷമൂല്ല്യാധിഷ്ട്ടിതമായ വൈദീകപാരംബര്യം കടന്നു
കേറിയതോടെയാകണം പെണ്മ്കളെ ഇങ്ങിനെ മാറ്റിനിറ്ത്തിത്തുടങ്ങിയതു.

തിരുവന്തപുരത്തെയും പാല്‍ക്കാട്ടെയുമൊക്കെ തമിഴ് സംസ്കാരത്തിന്റെ ആധിക്യവും ഇതിനാക്കം കൂട്ടികാണണം.

പെണ്‍കുഞ്ഞുങ്ങള്‍ ജനിയ്ക്കുന്നതിനു മുന്‍പും പിന്നെയും അവരെ കൊലയ്ക്ക് കൊടുക്കുന്ന പ്രവണത പരക്കെ തുടരുന്ന ഇന്‍ഡ്യാമഹാരാജ്യത്തിന്റെ കീഴറ്റത്തു കിടക്കുന്ന നമ്മുടെ കൊച്ചുനാട്ടില്‍ ഇന്നും സ്ത്രീ-പുരുഷാനുപാതം ആരോഗ്യകരമായി നിലനില്‍ക്കുന്നതു,പഴയൊരു പാരമ്പര്യത്തിന്റെ ബാക്കിപത്രമായി,പെണ്‍ക്കുട്ടികള്‍ കുറെയൊക്കെ വിലമതിയ്ക്കപ്പെടുന്നതു കൊണ്ടാ‍ണ്‍.

മരണാന്തരം ആത്മാവിന്‍ നിത്യശാന്തി നേടിക്കൊടുക്കുന്ന ഇടപാടില്‍ നിന്നു പെണ്മക്കള്‍ പുറത്താക്കപ്പേടുന്നതു,സ്ത്രീധനത്തിന്‍ പുറമേ മറ്റൊരു കാരണവുംകൂടിയായിമാറിയേക്കാം,
പെണ്മക്കളുടെ കമ്പോളനിലവാരത്തകറ്ച്ചയ്ക്ക്.


ചന്ദനവും കുങ്കുമവുമൊക്കെ R.S.S സ്റ്റൈലില്‍ നീട്ടിവരച്ച് ,ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ ‘മതനീരാസ’ത്തെപ്പറ്റി അപകടശങ്കയിലുഴലുന്ന N.S.S മേധാവികള്‍ക്ക് ഇതൊന്നും ശ്രദ്ധിയ്ക്കാന്‍ സമയമില്ലെന്നറിയാം.
ഒരു പ്രതിഷേധക്കുറിപ്പിവിടെ എഴുതിയതുകൊണ്ട് എന്തെങ്കിലുമൊരു വ്യത്യാസം വരുമെന്നും കരുതുന്നില്ല.എങ്കിലും ഇതു വായിയ്ക്കുന്ന ഏതെങ്കിലുമൊരു മകള്‍ ,സ്വന്തം അവകാശം ചോദിച്ച് വാങ്ങാന്‍ തീരുമാനിച്ചാല്‍ അത്രയ്ക്കെങ്കിലുമായല്ലൊ എന്നൊരു അതിമോഹം!


അടിക്കുറിപ്പ്
__________

അത്മാവുണ്ടോ, മരണാനന്തരകറ്മ്മങ്ങള്‍ക്കൊണ്‍ അതിനു ഗതികിട്ടുമോ. എന്നൊന്നുമല്ല ഇവിടെ വിഷയം എന്നുകൂടി വ്യക്തമാക്കട്ടെ.
സ്ത്രീകള്‍ പാറ്ശ്വവല്‍ക്കരിയ്ക്കപ്പേടുന്ന മറ്റൊരിടം ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണിവിടെ ഉദ്ദേശ്യം.


Tuesday, 26 February 2008

പ്രതിഭാപ്പാട്ടിലിന്റെ ആകാശം

അമൃതാനന്ദമയിപറഞ്ഞതായാലും, മാവോ പറഞ്ഞതായാലും പറഞ്ഞതില്‍ കാര്യമുണ്ടെങ്കില്‍ അത് സ്വീകരിയ്ക്കുകതന്നെവേണം.
ബഹുമാനപ്പെട്ട രാഷ്ട്രപ(ത്നി)തി പ്രതിഭാപ്പാട്ടിലിനതറിയാം.
പകുതിയാകാശം താങ്ങിനിറ്ത്തുന്നതു സ്ത്രീകളാണെന്ന മാവോസൂക്ത്തം ഇന്നലെയവറ് എടുത്തുപറയാന്‍കാര്യം,സ്ത്രീധന പീഠനവും പെണ്‍ഭ്രൂണഹത്യയുമൊക്കെ ഒഴിവാക്കണമെന്നു ഉദ്ബോധിപ്പിയ്ക്കാന്‍ വേണ്ടിയായിരുന്നു.
നല്ലകാര്യം!

ഇന്നത്തെ Railway ബഡ്ജറ്റില്‍ ബിരുദം കഴിയുന്നതുവരെ പെണ്‍കുട്ടികള്‍ക്കുസൌജന്യയാത്രയും വാഗ്ദാനം ചെയ്തിരിയ്ക്കുന്നു.
അതും നല്ലകാര്യം!

ഇതുകൊണ്ടൊക്കെ,ഇനിമുതല്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിയ്ക്കാന്‍ അനുവദിയ്ക്കപ്പെടുമെങ്കില്‍... അത്മാഭിമാനം കൈവിടാതെ ജീവിയ്ക്കാന്‍ അവരെയനുവദിയ്ക്കുമെങ്കില്‍...

പക്ഷെ,പെണ്‍കുട്ടി പ്രായമായാല്‍ മറ്റൊരിടത്തേയ്ക്ക്‌ പറഞ്ഞയയ്ക്കേണ്ടവളാണെന്നും,വീട്ടിന്റെ കുട്ടി ആണ്‍കുട്ടിയാണെന്നും വിശ്വസിച്ചുപോരുന്ന ഒരു സമൂഹത്തില്‍,പെണ്‍കുട്ടിയ്ക്ക്‌ അനുകൂലമായി എന്തുനിയമം കൊണ്ടുവന്നാലും അതു കതിരിന്‍മേല്‍ വളംവെയ്ക്കുന്ന ഫലമേതരു.


‘സ്ത്രിധനം മേടിയ്ക്കരുത്‌-കൊടുക്കരുതു‘ എന്നൊക്കെ കൊല്ലത്തെ ശ്രീകലയ്ക്കുമറിയാമായിരുന്നു,ആദ്യംതന്നെ.
എങ്കിലും മറ്റെല്ലാ സാധാരണക്കാരിപ്പെണ്‍കുട്ടികളെയും പോലെത്തന്നെ,ഒഴുക്കിനൊത്തൊഴുകി,ഒരു സ്ത്രിധനക്കല്യാണത്തിനു തലകുനിയ്ക്കാന്‍ തയാറെടുത്ത ശ്രീകല,ആത്മാഭിമാനത്തിനു മുറിവേറ്റപ്പോഴാണു,പോലിസ്‌ സഹായം തേടിയതു. പെണ്‍ വീട്ടിലെ പണത്തിനുള്ള,പ്രതിശ്രുതവരന്റെയും വീട്ടുകാരുടേയും വൃത്തികെട്ട ആറ്ത്തി, വിവാഹത്തിനുമുന്‍പെതന്നെ വെളിച്ചത്തിലായപ്പോള്‍, ഇങ്ങിനെയുള്ളവീട്ടിലേയ്ക്കു താനിനിപ്പോകുന്നില്ലെന്നു തീരുമാനിയ്ക്കാനുള്ള വിവേചനബുദ്ധിയും തന്റേടവും ശ്രികലകാണിച്ചു.

അവിടെയാണു ആകുട്ടി വ്യത്യസ്ഥയായതു.

ഈ പത്രവാറ്ത്തവായിച്ച പെങ്കുട്ടികളൊക്കെ അടുത്ത ദിവസം മുതല്‍,
സ്ത്രിധനംചോദിച്ച്
വരുന്നവരെയൊക്കെ ചെരിപ്പൂരിയടിയ്ക്കുമെന്നുള്ള ഒരു മിഥ്യാധാരണയും നമുക്കാറ്ക്കുമില്ല.

സ്ത്രിധനമാവശ്യപ്പെടുന്നതൊരു മോശം പരിപാടിയാണെന്നു പെട്ടന്നൊരുദിവസം ബോദ്ധ്യംവന്ന്‌, ആണ്‍കുട്ടികളൊക്കെ,അതുവേണ്ടെന്നു തീരുമാനിയ്ക്കുമെന്നും വിചാരമില്ല.

വിവാഹത്തോടെ,'കൊടുക്കാനുള്ളതു കൊടുത്തു'പെങ്കുട്ടിയെ വിട്ടില്‍നിന്നും പറഞ്ഞുവിടുകയെന്ന രീതിയില്‍നിന്നാകണം ഇങ്ങിനെയൊരു അലിഖിതനിയമവും ഉടലെടുത്തതു. അതങ്ങിനെയല്ലാത്ത സമുദായങ്ങളില്‍-പെണ്‍കുട്ടി കുടുംബത്തിലൊരംഗം തന്നെയായിത്തുടരുന്ന (സ്വന്തം വീട്ടില്‍തന്നെ താമസംതുടരുന്നു എന്ന അറ്ത്ഥത്തിലല്ല-ആണ്‍കുട്ടികളെപ്പോലും അതിനിപ്പോള്‍കിട്ടാറില്ലല്ലൊ) നായറ്സമുദായത്തിലെന്നപോലെ,സ്ത്രീധനം പൊതുവേ നിലവിലില്ല. പക്ഷെ,സംഗതി കൊള്ളാമെന്നു കണ്ടതിനാലാകാം,അവരില്‍പ്പോലും ഇന്നുചിലറ് ചോദിയ്ക്കാനും കൊടുക്കാനുമൊക്കെ തുടങ്ങിയിട്ടുണ്ട്.

മറ്റൊരറ്ത്ഥത്തില്‍പ്പറഞ്ഞാല്‍,പെണ്‍കുട്ടിയ്ക്കവകാശപ്പെട്ട സ്വത്താണു സ്ത്ര്‍ധനത്തിന്റെ രൂപത്തില്‍ മറ്റൊരാള്‍ക്ക്‌ കൈമാറപ്പെടുന്നതു.

മനുഷ്യറ്ക്കെന്തിനാണു സ്വത്ത്‌?
ഒറ്റവാചകത്തില്‍പ്പറഞ്ഞാല്‍, ഭാവിയിലേയ്ക്കുള്ള സുരക്ഷ!
പക്ഷെ, തനിയ്ക്കവകാശപ്പെട്ടതെങ്കിലും,തനിയ്ക്കു യാതൊരു വിനിമയാവകാശവുമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്ന ഈ ധനം എത്രപെണ്‍കുട്ടികളുടെ ഭാവി ഭദ്രമാക്കിയിട്ടൂണ്ട്‌?

ഈ ധനം എങ്ങിനെയാണുപയോഗിയ്ക്കപ്പെടുന്നതെന്നു അന്വേഷിയ്ക്കാനും,അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം എത്രപെണ്‍കുട്ടികള്‍ക്കുണ്ട്‌?

കല്ല്യാണം കഴിയുന്നതോടെ, സ്വന്തംവീട്ടിലിടം നഷ്ട്ടപ്പെടുകയും,
വൈവാഹികജീവിതമെങ്ങാനും ദുരിതം നിറഞ്ഞതായിപ്പോയാല്‍,നരകതുല്ല്യമായ ആ ജീവിതത്തില്‍നിന്നും രക്ഷപ്പെടാനാകാതെ,
ആലംബമറ്റ് അതില്‍തന്നെ എരിഞ്ഞൊടുങ്ങേണ്ടിവരികയും ചെയ്യുന്ന സ്ത്രീജന്മങ്ങള്‍ക്ക്‌, ഈ സ്ത്രീധനം കൊണ്ടെന്താണ്‍ പ്രയോജനം?

അല്ലെങ്കില്‍,അകാലവൈധവ്യം സംഭവിച്ചാല്‍,സ്ത്രിയ്ക്കും അവളുടെ കുട്ടികള്‍ക്കും പരാശ്രയംകൂടാതെ ജീവിയ്ക്കാന്‍ അവളുടെയീസ്വത്തുപകരിയ്ക്കാറുണ്ടോ?

പിന്നെയെന്തിനാണ്‍ വിവാഹസമയത്തീ 'ധനം'കൈമാറ്റംചെയ്യപ്പെടുന്നതു?

അതോ പെണ്ണിന്റെ 'ഭാരം'മറ്റൊരാള്‍ ഏറ്റെടുക്കുന്നുതിനുള്ള കൂലിയാണോയിതു?

ഭറ്ത്താവിനോ അയാളുടെ കുടുംബത്തിനോ ഒരുപകാരവുമില്ലാത്ത,ഒന്നും സംഭാവനചെയ്യാനില്ലാത്ത, തീറ്റിപ്പോറ്റാന്‍ മാത്രമുള്ള ഒരു ജന്മമാണ്‍ പെണ്ണെന്നല്ലേ ഇവിടെവന്നുകൂടുന്നതു?
അങ്ങിനെയാണെങ്കില്‍,ജീവിതയാഥാര്‍ത്ഥ്യവുമായി യാതൊരു ബദ്ധവുമില്ലാത്ത ഒരു മൂഢസങ്കല്‍പ്പത്തിന്റെ പുറത്താണ്‍ സ്ത്രിധനസമ്പ്രദായം നിലനിന്നുപോരുന്നതു എന്നുപറയണം.

പക്ഷെ,ഇങ്ങിനെയൊന്നും മിയ്ക്കവരും ആലോചിയ്ക്കാറില്ലല്ലൊ..
ഇല്ലാത്ത പണമുണ്ടാക്കിയും,കുടുംബംപോലും പണയപ്പെടുത്തിയും സ്ത്രിധനമൊപ്പിച്ചെടുത്തു മകളെ 'പറഞ്ഞയയ്ക്കുമ്പോള്‍ ',അവളുടെ ഭാവി സുരക്ഷിതമായിയെന്നു മാതാപിതാക്കളാശ്വസിയ്ക്കുന്നു.. തന്റെ ജീവിതമിനി സ്വസ്തം ഭദ്രമെന്നൊക്കെ പെണ്‍കുട്ടിയും സ്വപ്നംകാണുന്നു.

ഈ കണക്കുകൂട്ടലുകളെങ്ങാനും തെറ്റിയാല്‍,അവള്‍ പിന്നെയെന്തുചെയ്യുമെന്നാരും ആലോചിയ്ക്കുന്നില്ലയെന്നതു എന്നെ അത്ഭ്തപ്പെടുത്താറുണ്‍.

പെണ്‍കുട്ടിയുടെ ഭാവിസുരക്ഷിതത്വത്തിനു പ്രാധാന്യംകൊടുക്കുന്നുവെങ്കില്‍, വിവാഹസമയത്തോ,അതിനു മുന്‍പോ പിന്‍പോ, ഒന്നും അവളുടെസ്വത്തോ സ്ത്രിധനമോ കൈമാറാതിരിയ്ക്കുക.
അവളുടെ ഭര്‍ത്താവിനെയും,വീട്ടുകാരേയും കുറച്ചുകാലം പരിചയപ്പെട്ടതിനുശേഷം മാത്രം, മകള്‍ക്കു പൂര്‍ണ്ണമായും വിനിമയാവകാശം കിട്ടുന്ന രീതിയില്‍,നിങ്ങള്‍ക്കു കൊടുക്കാനാകുന്നതു കൊടുക്കുക.

സ്ത്രിധനച്ചന്തയില്‍ വിലപേശാനിറങ്ങുകയില്ലെന്നു നാട്ടിലെപ്പെണ്‍കുട്ടികളൊന്നടങ്കം ഒരു തീരുമാനമെടുത്താല്‍, സ്ത്രിധനമോഹികളൊക്കെക്കൂടി മുട്ടുകുത്തി തലകുനിച്ചുനില്‍ക്കേണ്ടിവരും... മംഗല്ല്യഭാഗ്യത്തിനായി!
അതിനുമുന്നൊരുക്കമായി,സാമാന്യം നല്ലവിദ്യാഭ്യാസവും, കഴിയുമെങ്കില്‍, സ്വന്തംകാലില്‍ നില്‍ക്കാനൊരു ജോലിയും കയ്യിലാക്കുക.

എന്നിട്ടു തലയുയര്‍ത്തി നിന്ന്‌ പറയുക-‘ആക്രാന്തമില്ലാത്തവന്‍ വരുമ്പോള്‍ മതി!’

വലിയൊരുപരിധിവരെ ഗുരുതരമായ ഒരു സാമൂഹ്യവിപത്തിനു ഇതൊരു ചികിത്സയാകും. പക്ഷെ,ഇതുവേരോടെയറുക്കണമെങ്കില്‍,ആദ്യംവേണ്ടതു പെണ്‍കുട്ടിയോടുള്ള മനോഭാവം മാറുകയാണു.
അവള്‍ക്കുസ്വന്തം കുടുംബത്തില്‍ മൂല്ല്യംനേടിക്കൊടുക്കണമെങ്കില്‍ മാതൃദായക്രമത്തിന്റെ ഒരു പരിഷ്ക്കരിച്ച രൂപം നിയമനിറ്മാണത്തിലൂടെ കൊണ്ടുവരേണ്ടിയിരിയ്ക്കുന്നു.

പുരുഷാധിപത്യമുല്ല്യങ്ങള്‍ ആഴത്തില്‍ വേരിറക്കിയിരിയ്ക്കുന്ന ഒരു സമൂഹത്തെ ആകെപിടിച്ചുലച്ചേക്കാവുന്ന,വിപ്ളവകരമായ ഇങ്ങിനെയൊരു മാറ്റം അധികംവൈകാതെ ഉണ്ടായിലെങ്കില്‍,നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍,അമ്മയുടെ വയറ്റില്‍നിന്നും,ഭര്‍തൃഗൃഹത്തില്‍നിന്നും ഒരേപോലെ അപ്രത്യക്ഷരായിക്കൊണ്ടിരിയ്ക്കും .