Sunday 18 January, 2009

മറ്റൊരൊഴുക്ക്

മാറ്റങ്ങൾ അനിവാര്യം,പക്ഷെ അസ്വസ്ഥജനകം.
കൂനിക്കൂടിയൊരു മൂലയ്ക്ക് തീകാഞ്ഞിരിക്കുമ്പോൾ,അവിടെനിന്നൊന്ന് മാറിയിരിയ്ക്കാൻ പറഞ്ഞാൽ ആർക്കാണിഷ്ട്ടമുണ്ടാകുക?
ആ കുത്തിയിരുപ്പിൽനിന്നൊരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിൽക്കൂടി,
ആദ്യം മനസ്സൊന്ന്
പ്രതിഷേധിച്ച് പിടയും.
എല്ലാ മാറ്റങ്ങളും നല്ലതിനാകാം..
പുതിയ അനുഭവങ്ങൾ ഓരോതിരിവിലും കാത്തിരിയ്ക്കുന്നു,
ജീവിതം വഴിയിൽ തളംകെട്ടിനിന്ന് വരണ്ടുപോകാതിരിയ്ക്കാനുള്ള ഒരു പൊട്ടിയൊഴുക്ക് ആസ്വദിയ്ക്കാൻ തയാറാവുകയാൺ


ഒരു വീടുമാറ്റം/നാടുമാറ്റം...
കുറച്ച് കാലത്തേയ്ക്കൊരു വിട പറയേണ്ടിവരുന്നു.
രണ്ടുമൂന്ന് മാസമെങ്കിലുമെടുക്കും ഇനിയൊന്ന് സ്വസ്ഥമാകാൻ.
കുറച്ചുദിവസമായി പെറുക്കിക്കെട്ടലുകൾ തുടങ്ങിയിട്ട്.
എങ്കിലും പറ്റുമ്പോഴൊക്കെ ബ്ലോഗുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തി
അവിടിവിടെ എന്തെങ്കിലുമൊക്കെ കുറിയ്ക്കാൻ ശ്രമിയ്ക്കാറുണ്ട്,
സമയവും കമ്പ്യൂട്ടറും ഒത്തുവരുമ്പോഴൊക്കെ അത് തുടരും..

ഇവിടെനിന്നങ്ങിനെ വിട്ടുപോകാൻ പറ്റാത്തത് കൊണ്ട്.

Sunday 4 January, 2009

നെറ്റിൽനിന്നും പുറംലോകത്തേയ്ക്ക് ‘ലാപുട’

വിരസതയുടെ വിശപ്പ് തിരിച്ചറിഞ്ഞ അപൂർവ്വമായ സൂക്ഷ്മസ്പർശിനി കൈമുതലായുള്ള ഒരു കവിയെ കണ്ടെടുത്ത്, മലയാളം ബ്ലോഗ് ലോകം,കേരളത്തിലെ,നല്ല സാഹിത്യം സ്നേഹിയ്ക്കുന്ന വായനക്കാർക്കായി പുറംലോകത്തിന് മുൻപിൽ അവതരിപ്പിയ്ക്കുകയാൺ-
’ലാപുട’ എന്ന ടി പി വിനോദിന്റെ “ നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍” എന്ന ആദ്യസമാഹാരം

ഗോളാന്തരവലയത്തിൽ വന്നുപെട്ടതുകൊണ്ട് മാത്രം പരിചയപ്പെട്ടുണ്ടായ ഒരു കൊച്ചുകൂട്ടം,മനസ്സുചേർത്ത് രൂപം കൊടുത്ത ഈ പുസ്തകം, ബുക്ക് റിപ്പബ്ലിക്കിന്റെ സമ്മാനമായി എറണാകുളത്തെ ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരകപ്പാർക്കിൽ ജനുവരി 10നു ഇന്റർനെറ്റിൽ നിന്നും പിറന്നുവീഴുന്നു.
കഴിയുമെങ്കിൽ ആ സായാഹ്നത്തിൽ അവിടെയെത്തി ഈ സംരംഭത്തിന്
പിന്തുണയേകുമല്ലൊ.സമയം-4.30.

Wednesday 31 December, 2008

പൂവുകൾക്കായി...


പുതിയ പ്രഭാതം
പുതിയ പ്രതീക്ഷകൾ
നിശ്ചയങ്ങൾ
എല്ലാ മുള്ളുകളും
പൂവുകളാകാൻ
പ്രാർത്ഥിയ്ക്കുന്നു
പുതു വർഷം എല്ലാവർക്കും നിറവുള്ളതാകട്ടെ

Sunday 26 October, 2008

ആയിരം സ്വരങ്ങളുള്ള അദൃശ്യസാന്നിദ്ധ്യത്തൊടൊപ്പം ഒരു വർഷം

മലയാളം ബ്ലോഗ്ലോകത്തിലെത്തിയിട്ട് ഇന്നൊരു വർഷം തികയുന്നു.
ഇത്രപെട്ടന്നോ എന്നെനിയ്ക്ക് തന്നെ സംശയം!

ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണം നീണ്ട അവധിയിൽ പ്രവേശിച്ചപ്പോൾ സത്യത്തിൽ,ഒരു കൂട്ടിന് പുറത്തേയ്ക്ക് രക്ഷപ്പെട്ട ആഹ്ലാദമായിരുന്നു.
ഇഷ്ട്ടമുള്ള കാര്യങ്ങളൊക്കെച്ചെയ്യാൻ ധാരാളം സമയം!

കുറെക്കാലമായി മുടങ്ങിക്കിടക്കുന്ന ഗൗരവമുള്ള വായന തിരിച്ചുപിടിയ്ക്കുക,
ശേഖരിച്ചുവെച്ച പാട്ടുകളൊക്കെ അടുക്കും ചിട്ടയുമായി സിഡികളിലേയ്ക്ക് മാറ്റുക, നല്ല സിനിമകളെടുത്ത് കാണുക, ‘വിവരം വെയ്പ്പിയ്ക്കുന്ന’ ചാനലുകളൊക്കെയിരുന്നു കുറെനേരം കാണുക,അങ്ങിനെയങ്ങിനെ... ആക്കൂട്ടത്തിൽ,ഇടയ്ക്ക് ധാർമ്മീകരോഷമിളകുമ്പോൾ പ്രകടിപ്പിയ്ക്കാനൊരിടം എന്ന ഉദ്ദേശ്യം മാത്രമേ ബ്ലോഗ്തുടങ്ങുമ്പോളുണ്ടായിരുന്നുള്ളു.

പക്ഷെ,പിന്നീട് പല ബ്ലോഗുകളും കേറിയിറങ്ങി വായിച്ചുവന്നപ്പോഴാൺ, എന്റെ ധാരണയുടെ മൗഢ്യം തിരിഞ്ഞതും,വിലപിടിപ്പുള്ള ഒരു വെളിപാടുണ്ടായതും-എഴുത്ത്,അതെവിടെയായാലും ഗൗരവമുള്ള ഒരു ഉത്തരവാദിത്ത്വമാൺ എന്ന ബോധം!

അതുവരെ നെറ്റിലെ പ്രധാന പരിപാടി പാട്ടുകളന്വേഷിച്ചലയലായിരുന്നു.
അങ്ങിനെ പല നല്ല സൈറ്റുകളിലും ചെന്നെത്തിപ്പെട്ട്, ഒരേപോലെയുള്ള സംഗീതതാല്പര്യങ്ങൾ സൂക്ഷിയ്ക്കുന്ന കുറച്ച് നല്ല സുഹൃത്തുക്കളേയും കിട്ടിയിരുന്നു. ഭൗതീകലോകത്തിലെ ദൈനംദിന വ്യാപാരങ്ങളിൽ കിട്ടാൻ എളുപ്പമല്ലാത്തൊരു സൗഭാഗ്യമായിരുന്നു അത്.

ബ്ലോഗുലകത്തിലെത്തിയപ്പോൾ ഈ സൗഭാഗ്യത്തിന്റെ ചക്രവാളങ്ങൾ ഒന്നുകൂടി വികസ്വരമായതായിരുന്നു ഏറ്റവും ആഹ്ലാദകരമായിത്തോന്നിയ അനുഭവം.
കലാകാരന്മാരുടേയും സാഹിത്യകാരന്മാരുടേയും ചില ഒത്തുകുടലുകളേയും, കൂട്ടങ്ങളെപ്പറ്റിയുമൊക്കെ വായിക്കുമ്പോൾ വല്ലാത്ത കൊതിയും അസൂയയുമൊക്കെ തോന്നിയിട്ടുണ്ട്. ഇങ്ങിനത്തെ ‘സത്സംഗ’ങ്ങൾ,നമ്മുടെ നാട്ടിലെയൊരു സാഹചര്യത്തിൽ,പൊതുവേ പെണ്ണുങ്ങൾക്ക് കിട്ടാക്കനിയാൺ. എന്നാല്‍,ഇതാ ഇവിടെ,ഈ ബ്ലോഗ് ലോകത്തിൽ, ഒരുമാതിരിയുള്ള എന്റെ എല്ലാ താല്പര്യങ്ങളും പങ്കിടാൻ പറ്റിയവർ, ഒരു മൊസ്ക്ലിക്കിനപ്പുറം കാത്തിരിയ്ക്കുന്നു!
(അതുകൊണ്ടാകുമോ എന്നറിയില്ല,പലപ്പോഴും സ്വന്തം ബ്ലോഗ്പോസ്റ്റുകളെഴുതുന്നതിനേക്കാള്‍ ഞാന്‍ ആസ്വദിച്ചേഴുതുക മറ്റ് പോസ്റ്റുകള്‍ക്കുള്ള കമന്റുകളാണ്‍)

ശരീര-സ്ഥലങ്ങളുടെ കാണാച്ചരടുകൾ പൊട്ടിച്ച് സൈബർലോകത്തിൽ നീന്തിനടക്കുക, ഇഷ്ട്ടം തോന്നുന്ന ചിലതുരുത്തുകളിലൊക്കെ പറന്നുകേറുക... ഇടയ്ക്കെന്തെങ്കിലുമൊക്കെ തോന്നുന്നത് പറയുക.. യഥാർത്ഥലോകത്തിൽ അപ്രാപ്യമായ രസങ്ങള്‍!

കവിത്യ്ക്ക് മാത്രമായൊരു ബ്ലോഗ് തുടങ്ങിയത് കുറേക്കഴിഞ്ഞാൺ. ആനുകാലികങ്ങളിൽ കവിതകൾ വരുമ്പോൾ,മനസ്സിരുത്തി വായിയ്ക്ക്‍ാനും,അഭിപ്രായം പറയാനും താലപര്യമുള്ള വായനക്കാരെ കൺവെട്ടത്ത് കിട്ടുക അതീവ ദുഷ്ക്കരം. അച്ചടിമാദ്ധ്യമത്തില്‍ നമ്മളറിയാത്ത നമ്മളെ അറിയാത്ത,നൂറ്കണക്കിനാളുകള്‍ കവിത,അലസമായോ മനസ്സിരുത്തിയോ ഒക്കെ വായിച്ച് കടന്ന് പോകുന്നുണ്ടാകാം.
പക്ഷെ,അവര്‍ക്കത് വായിച്ച് എന്തുതോന്നിയെന്ന് ഒരു കാലത്തും നമ്മളറിയാന്‍ പോകുന്നില്ല!


ഇവിടെ,നമുക്കറിയാവുന്ന ഏതാനും നല്ലവായനക്കാര്‍ വന്ന് കവിത വായിയ്ക്കുന്നു... വിരലിലെണ്ണാവുന്നവരെങ്കില്‍ക്കൂടി,ഉടനെ അഭിപ്രായമറിയിയ്ക്കുന്നു...
പലപ്പോഴും കവിതയുടെ ഞാന്‍ അറിയാത്ത തലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നു...
എന്റെ കണ്ണില്പ്പെടാത്ത തെറ്റുകുറ്റങ്ങള്‍ കാണിച്ചുതരുന്നു...
ബ്ലോഗില്‍ കവിതയെഴുത്ത് കൂടുതല്‍ സാര്‍ത്ഥമാകുന്നതങ്ങിനെയാണ്‍.
വളരെക്കുറച്ച്മാത്രം എഴുതുന്ന എന്നെപ്പോലെയുള്ളൊരാള്‍ക്ക്,
കൂടുതലെഴുതാനുള്ളൊരു ഊര്‍ജ്ജം പകര്‍ന്നു തരുന്നത് ഈ വായനക്കാരുടെ സന്മനസ്സാണ്‍.

ഇതിനൊക്കെമേലേയാണ്‍,ഇവിടെനിന്നും കിട്ടിയിട്ടുള്ള പുതിയഅറിവുകള്‍.മുന്‍പൊക്കെ ആനുകാലികങ്ങളും പത്രങ്ങളുമൊക്കെ വായിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കാതെ വിട്ടുകളയുന്ന പലതിനെപ്പറ്റിയും കൂടുതലറിയണമെന്നൊരു ആഗ്രഹം തോന്നിത്തുടങ്ങിയെങ്കില്‍, അതും ഇവിടെനിന്നുണ്ടായ അധിക കുതൂഹലം.


പഴയപാട്ടുകളിലെ കാവ്യാംശം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനായി തുടങ്ങിയ
ബ്ലോഗ് മാത്രം ഒരല്പ്പം നിരാശപ്പെടുത്തി. അവയിലെ ഭാവനയോ വരികളോ ഒന്നും ചര്‍ച്ചാവിഷയമായിക്കണ്ടില്ല.

ബ്ലോഗുകളിലെ ഇടപെടലുകളിലൂടെ കുറെയേറെ നല്ല സുഹൃത്തുകളുണ്ടായി.
എങ്കിൽത്തന്നെയും,ബ്ലോഗിനപ്പുറത്തേയ്ക്ക്,
ഇ-മെയില്‍ സൗഹൃദത്തിലേയ്ക്ക് വളര്‍ന്നവ
ഒരു കൈവിരലിലൊതുങ്ങും. ജിടോക്ക് തുറക്കാറ്തന്നെയില്ല.
..
തെറ്റെന്റേത് തന്നെ!
ഞാനെഴുതുന്നത്,എന്നെ അറിയാതെ സ്വതന്ത്രമായി വായിയ്ക്കപ്പെടണം എന്ന ഒരാഗ്രഹം കൊണ്ട് ബോധപൂര്‍വ്വം തന്നെ ഒരകലം സൂക്ഷിയ്ക്കുകയായിരുന്നു.
ഒരുപക്ഷെ,അതിനെപ്പറ്റിയൊരു പരിഭവം ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ പൊറുക്കുക.

ബ്ലോഗുകളിലൂടെയുള്ള സഞ്ചാരമിപ്പോള്‍ ഒരു ശിലമായിപ്പോയിരിയ്ക്കുന്നു.
ലീവെടുക്കുമ്പോള്‍ ചെയ്യണമെന്ന് കരുതിയിരുന്ന പരിപാടികള്‍ പലതും,ആഗ്രഹിച്ചത് പോലെ നടപ്പാക്കാന്‍ ഇനിയുമായിട്ടില്ലെങ്കില്‍,അതിനീയൊരൊറ്റ കാരണമേ പറയാനുള്ളു-കമ്പൂട്ടറിനു മുന്‍പില്‍ നീണ്ടസമയമെടുത്തുള്ള ഈ ഇരിപ്പ്.


ഇടയ്ക്കൊരുമാസത്തോളം നാട്ടിലായിരുന്നപ്പോള്‍,ബ്ലോഗ്ലോകത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. അത്ഭുതം തോന്നിയത്,എന്റെതായ കുറേസമയം പൊടുന്നനെ തിരിച്ചുകിട്ടിയതുപോലെയുള്ള ഒരു ലാഘവം ആ സമയത്തുണ്ടായീ എന്നതാണ്‍.
വീണ്ടും സ്വതന്ത്രയായതുപോലെ!

ഒരുകൂട്ടില്‍നിന്നും പറന്നുകേറിയത് മറ്റൊരു കൂട്ടിലേയ്ക്കാണോ എന്നൊരു
സംശയമുണ്ടായതപ്പോഴാൺ.
ഇടയ്ക്ക് തീരുമാനിയ്ക്കും,കുറേനാളിനിയിങ്ങോട്ട് കേറുകയേവേണ്ട.
പക്ഷെ,അതിതുവരെ നടപ്പായില്ല!

കഥപറയുന്ന,കവിതചൊല്ലുന്ന,വിജ്ഞാനം പകരുന്ന,തമാശകള്‍ പൊട്ടിയ്ക്കുന്ന,പഴങ്കഥ ചൊല്ല്ലിത്തരുന്ന,പാട്ട്പാടുന്ന,തത്വജ്ഞാനം വിരിയുന്ന,രാഷ്ട്രീയംവിശകലനം ചെയ്യുന്ന, കാണാക്കാഴ്ച്ചകൾ ചിത്രങ്ങളിലാക്കിക്കൊണ്ടുതരുന്ന,ആത്മീയം പഠിപ്പിയ്ക്കുന്ന,യുക്തിയുടെ വിരൽ ചൂണ്ടുന്ന,തര്‍ക്കിയ്ക്കുന്ന,വാദിയ്ക്കുന്ന.. അങ്ങിനെയങ്ങിനെ ഭൂമിയിലെയുമാകാശത്തിലേയും എന്തിനെപ്പറ്റിയും കലപിലാ സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന ബഹുസ്വരരൂപിയായൊരു അദൃശ്യസാന്നിദ്ധ്യം!
വിട്ടുപോകാന്‍ തോന്നാത്ത എന്തോ ഒരാകര്‍ഷണമുണ്ടിതിന്‍.


സ്വതവേയുള്ള അലസതയും നിദ്രാദേവിയോടുള്ള അമിതാരാധനയും കാരണം,ഈ അവധികാലത്ത്‍,ഒരുപക്ഷെ തുരുമ്പെടുത്ത് പോകുമായിരുന്ന എന്റെ ബുദ്ധിയെ സചേതനമായി, ഊര്‍ജ്ജ്വസ്വലമായി നിലനിര്‍ത്തിയത് ഈ ബൂലോകത്തിലെ,കാണാമറയത്തിരിയ്ക്കുന്ന,കുറേ കൂട്ടുകാരാണ്‍.


ഞാനെഴുതിയിടുന്നത് വന്ന് വായിച്ച്പോയവര്‍ ഓരോരുത്തരുടേയും മുന്‍പില്‍,ആദരവോടെ സ്നേഹത്തോടെ തലകുനിയ്ക്കുന്നു.
വായിച്ചഭിപ്രായമെഴുതാൻ സമയം കണ്ടെത്തിയവരോട് ഈ ആദരവിനും സ്നേഹത്തിനും പുറമെ ഒന്നുകൂടി-
'നന്ദി'എന്നൊരു വാക്ക് പറഞ്ഞാലൊന്നുമാകില്ല...
മറ്റൊരു വാക്കില്ലല്ലൊ പകരം!

ബ്ലോഗ്ശരീരത്തിന്റെ ഓക്സിജനാണ്‍ കമന്റുകള്‍ എന്നാണെന്റെ വിശ്വാസം.
നീണ്ട പന്ത്രണ്ട് മാസം എന്നെയിവിടെ നിലനിർത്തി, എന്റെ പോസ്റ്റുകള്‍ക്ക് ജീവവായു പകരാൻ നിങ്ങളുണ്ടായതു കൊണ്ടാൺ ഞാൻ ഇന്നീക്കുറിപ്പെഴുതുന്നത്...
I continue to exist here because you exist!

Monday 29 September, 2008

ബ്ലോഗർമാർക്കുള്ള പത്തു കല്‍പ്പനകൾ

ബ്ലോഗ് ലോകത്ത് വർദ്ധിച്ചുവരുന്ന അനാശാസ്യ പ്രവണതകളുടെ പശ്ചാതലത്തിൽ,

Kennington (London)ൽ നടന്ന ‘Godblogs’ സമ്മേളനത്തിൽ വെച്ച്,

ബ്ലോഗർമാരേ പ്രലോഭനങ്ങളിൽ നിന്നകറ്റാനായി, പള്ളിമേധാവികൾ രൂപം കൊടുത്ത പത്തു കല്‍പ്പനകൾ-


1.നീങ്ങളുടെ ആർജ്ജവത്തിനു മുകളിലായി നിങ്ങളുടെ ബ്ലോഗിനെ പ്രതിഷ്ഠിയ്ക്കരുത്


2.നിങ്ങളുടെ ബ്ലോഗിനെ വിഗ്രഹവൽക്കരിയ്ക്കരുത്


3.നിങ്ങളുടെ അജ്ഞാതാവസ്ഥയെ മുതലാക്കി അരുതാത്തത് ചെയ്ത് നിങ്ങളുടെ അപരനാമത്തെ ദുരുപയോഗപ്പെടുത്തരുത്


4.അഴ്ച്ചയിലൊരിയ്ക്കൽ(സബാത്ത്) ബ്ലോഗിൽ നിന്നും വിശ്രമമെടുക്കുക


5.നിങ്ങളുടെ സഹബ്ലോഗർമാരെ നിങ്ങൾക്കുമുപരിയായി

ബഹുമാനിയ്ക്കുന്നതോടൊപ്പം,.അവരുടെ തെറ്റുകൾക്ക് ആവശ്യത്തിലുമേറെ പ്രാധാന്യം കൊടുക്കാതെയുമിരിയ്ക്കുക


6.മറ്റൊരാളുടെ മാനത്തെയോ,ഖ്യാതിയേയോ,വികാരത്തിനേയോ ഹനിയ്ക്കാനായി

ബ്ലോഗുപയോഗിയ്ക്കരുത്


7. നിങ്ങളുടെ ബ്ലോഗുപയോഗിച്ച് വിശ്വാസലംഘനമോ/വ്യഭിചാരമോ ചെയ്യാതിരിയ്ക്കുക,അതിനു മറ്റാരെയും അനുവദിയ്ക്കാതിരിയ്ക്കുക


8.മറ്റൊരാളുടെ ബ്ലോഗിലെ ഉള്ളടക്കം മോഷഠിയ്ക്കാതിരിയ്ക്കുക


9.നിങ്ങളുടെ സഹബ്ലോഗർക്കെതിരായി വ്യാജമായ സാക്ഷ്യം നൽകാതിരിയ്ക്കുക


10. നിങ്ങളുടെ അയൽ-ബ്ലോഗറുടെ പദവി/നിലവാരം (റാങ്കിങ്ങ്) മോഹിയ്ക്കാതിരിയ്ക്കുക,സ്വന്തം ബ്ലോഗിന്റെ ഉള്ളടക്കവും സ്ഥാനവും കൊണ്ട് തൃപ്തിപ്പെടുക.


11.ഒരു ബ്ലോഗറെന്ന നിലയിൽ,വായിയ്ക്കപ്പെടാനും അഭിപ്രായങ്ങളറിയാനും

നിങ്ങൾക്കുള്ള അവകാശത്തിനൊപ്പം തന്നെ, സഹബ്ലോഗർമാരോടും നിങ്ങൾക്കതുപോലെയൊരു കടമയുണ്ടെന്നോർക്കുക


( പതിനൊന്നാം കല്‍പ്പന എന്റെ വക:)) )

Thursday 25 September, 2008

ഓഹൊ! ഇതൊരു പുതിയ അറിവാണല്ലോ!! (puthiya arivu)

ഇന്നു രാവിലെ വായിച്ചൊരു പത്രവാർത്ത-

The yellow spice turmeric,associated with auspicious occasions in India,has POTENT MEDICAL PROPERTIES AS WELL. India-American scientist,Krishnan Dhandapani and a colleague have found.


ഹൊ! ഇവരിത് ‘കണ്ടുപിടിച്ചി' ല്ലായിരുന്നുവെങ്കിൽ...

Monday 22 September, 2008

ഇതൊരു ഭ്രാന്തൻ സ്വപ്നമാണോ?

മൈനയുടെ പോസിറ്റിനിട്ട
കമന്റ്
‘മൈനാ
ബാബു- “പരിഹാരം വരേണ്ടതു് മുസ്ലീം സമുദായത്തില്‍ നിന്നുതന്നെ‌..”

വിമതൻ- “പക്ഷെ ഇതിനെ ഫലപ്രദമായി പ്രതിരോധിക്കണം എങ്കില്‍ മത മൌലിക വാദികള്‍ അല്ലാത്ത,സ്പെയിന്‍ മുതല്‍ ഇന്‍ഡോനേഷ്യ വരെ നീണ്ടു കിടക്കുന്ന ഒരു ഇസ്ലാമിക ഖിലാഫത്തും, ഹുക്കുമത്ത് എ ഇലാഹിയും, ആഗ്രഹിക്കാത്ത, അതിനു വെണ്ടീ ചാവാനും കൊല്ലാനും, തയ്യാറാവാത്ത,ഭൂരിപക്ഷം വരുന്ന moderate മുസ്ലീമുകള്‍ ഒരുമിച്ചു നിന്ന് അവരുടെ ശബ്ദം ഉയര്‍ത്തണം എന്നതു മാത്രമാണ് പോംവഴി എന്ന് തോന്നുന്നു..”

പ്രശ്നപരിഹാരത്തിന്റെ മർമ്മം ഇതാൺ.

സമാധാനജീവിതം മാത്രം ആഗ്രഹിയ്ക്കുന്ന ഭുരിപക്ഷം മുസ്ലീമുകളുടെയും ശബ്ദം,

മതതീവ്രവാദത്തിനെതിരെ ഒരുമിച്ചുയരുകയാൺ ഏറ്റവും ഫലപ്രദമായ പരിഹാരം.
കുറച്നാൾമുൻപ് യു.പി.യിലെ Deoband പണ്ഡിതർ മുസ്ല്ലിം തീവ്രവാദത്തിനെതിരെ ഒരു പ്രസ്താവനയിറക്കിയപ്പോൾ,അതൊരു വലീയ പ്രസ്ഥാനമായി
വളരുമെന്ന് ആശിച്ചു,
പക്ഷെ പിന്നെയൊന്നും കേട്ടതുമില്ല.

മൈനയേപ്പോലെയൊരു ഉശിരത്തിപ്പെൺകുട്ടിയ്ക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്-ഒരു online declaration നു തുടക്കമിടുക.
നമ്മുടെയീക്കൊച്ചു മലയാളം ബ്ലോഗ്ല് ലോകത്തിൽ തന്നെയാകട്ടെ അതിനുള്ള

ഭാഗ്യം.ഹമീദ് മാഷിനെപ്പോലെയും,ജബ്ബാർമാഷിനെപ്പൊലെയുമുള്ളവർ
ഒപ്പമുണ്ടാകാതിരിയ്ക്കില്ല.
വാക്കു
കൾ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക.
അതിൽ ഒപ്പിടുന്നവർ മുസ്ല്ലീമുകൾ മാത്രമാകണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.
ഇന്റർനെറ്റിന്
റെ സാദ്ധ്യതകളുപയോഗപ്പെടുത്തി,അത് ലോകം മുഴുവനുമെത്തട്ടെ.
ഒപ്പം അതിന്റെ ഹാർഡ് കോപ്പിയെടുത്ത് പത്രങ്ങൾക്കയയ്ക്കുക.

അതിലൊപ്പിടുന്ന ഓരോരുത്തരും പ്രിന്റെടുത്ത്
ചുറ്റുപാടുമുള്ള,നെറ്റിൽക്കേറാ
നാകാത്ത ആൾക്കാരെക്കൊണ്ടും ഒപ്പിടീയ്ക്കുക.
ലോകത്തിന്റെ ഓരോമൂലയിലും ഇതെത്തട്ടെ

ഇതൊരു ഭ്രാന്തൻ സ്വപ്നമാണോ?’

ആണോ?
ഇതൊരു ഭ്രാന്തൻസ്വപനമാണോ?

92ൽ ബാബ് റീ മസ്ജിദ് തകർത്തുകഴിഞ്ഞുണ്ടായ വർഗ്ഗീയകലാപക്കാലത്ത്,
'Silent Majority'-നിശ്ശബ്ദ ഭുരിപക്ഷം’ എന്നൊരു കൂട്ടായമ്മയുണ്ടാക്കി . മതേതര ഭാരതത്തിന്റെ അത്മാവ് കാത്തുസുക്ഷിയ്ക്കാനായൊരു ശ്രമം നടന്നിരുന്നു-വർഗ്ഗീയതയോട് എതിർപ്പുള്ളവരാണെങ്കിലും,നിശ്ശബ്ദരായിരിയ്ക്കുന്ന
മഹാഭുരിപക്ഷം ഹിന്ദുക്കളൂടെയും സ്വരം കണ്ടെടുക്കാനുള്ള ഒരു ശ്രമമായിരുന്നു അത്.

അതുപോലെയൊന്ന് ,ഇൻഡ്യയിൽ മാത്രമല്ല,ലോകമൊട്ടുക്കുള്ള സമാധാനപ്രീയരായ ഇസ്ലാം മതവിശ്വാസികളെ ഒരുമിപ്പിച്ച്,
തീവ്രവാദത്തിനെതിരെ ശബ്ദമുയർത്താനുള്ള ഒരു ശ്രമം തുടങ്ങാൻ സമയമായില്ലേ?


വർഗീയതയെ അനുകൂലിയ്ക്കാത്തപ്പോഴും,

രക്തച്ചൊരിച്ചിലിനെ വെറുക്കുമ്പോഴും,

ഇതൊക്കെ കണ്ടും കേട്ടും നിശ്ശബ്ദരായിരുന്നു പോകുന്ന,സമാധാനജീവിതം ആഗ്രഹിയ്ക്കുന്ന ഭൂരിപക്ഷം മുസ്ല്ലീമുകൾക്ക് ,വളരെ വലിയൊരു ഉത്തരവാദിത്തമുണ്ട്.

ആഗോളതലത്തിൽ മുസ്ലീമുകൾ നേരിടുന്ന ഈയൊരു സ്വത്വപ്രതിസന്ധിയെ

നേരിടാൻ അവർക്ക് മാത്രമെ കഴിയു എന്നതുകൊണ്ടാൺ ,ആ ഉത്തരവാദിത്തം വളരെ വലുതാകുന്നത്

നമ്മുടെ നാട്ടിലെ മുസ്ല്ലിമുകൾ അതിവേഗം ധ്രൂവികരിയ്ക്കപ്പേട്ടു തുടങ്ങിയിരിയ്ക്കുന്നുവെന്ന വേദനിപ്പിയ്ക്കുന്ന യാഥാർത്ഥ്യം
വിളിച്ചുപറയുന്ന കഥകൾ മാധ്യമങ്ങളിൽ പലയിടത്തും കാണാം.
താഴെക്കാണുന്നതൊന്ന് വായിയ്ക്കണേ.
Times Of India-21/9/8-Page 15