Sunday, 26 October 2008

ആയിരം സ്വരങ്ങളുള്ള അദൃശ്യസാന്നിദ്ധ്യത്തൊടൊപ്പം ഒരു വർഷം

മലയാളം ബ്ലോഗ്ലോകത്തിലെത്തിയിട്ട് ഇന്നൊരു വർഷം തികയുന്നു.
ഇത്രപെട്ടന്നോ എന്നെനിയ്ക്ക് തന്നെ സംശയം!

ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണം നീണ്ട അവധിയിൽ പ്രവേശിച്ചപ്പോൾ സത്യത്തിൽ,ഒരു കൂട്ടിന് പുറത്തേയ്ക്ക് രക്ഷപ്പെട്ട ആഹ്ലാദമായിരുന്നു.
ഇഷ്ട്ടമുള്ള കാര്യങ്ങളൊക്കെച്ചെയ്യാൻ ധാരാളം സമയം!

കുറെക്കാലമായി മുടങ്ങിക്കിടക്കുന്ന ഗൗരവമുള്ള വായന തിരിച്ചുപിടിയ്ക്കുക,
ശേഖരിച്ചുവെച്ച പാട്ടുകളൊക്കെ അടുക്കും ചിട്ടയുമായി സിഡികളിലേയ്ക്ക് മാറ്റുക, നല്ല സിനിമകളെടുത്ത് കാണുക, ‘വിവരം വെയ്പ്പിയ്ക്കുന്ന’ ചാനലുകളൊക്കെയിരുന്നു കുറെനേരം കാണുക,അങ്ങിനെയങ്ങിനെ... ആക്കൂട്ടത്തിൽ,ഇടയ്ക്ക് ധാർമ്മീകരോഷമിളകുമ്പോൾ പ്രകടിപ്പിയ്ക്കാനൊരിടം എന്ന ഉദ്ദേശ്യം മാത്രമേ ബ്ലോഗ്തുടങ്ങുമ്പോളുണ്ടായിരുന്നുള്ളു.

പക്ഷെ,പിന്നീട് പല ബ്ലോഗുകളും കേറിയിറങ്ങി വായിച്ചുവന്നപ്പോഴാൺ, എന്റെ ധാരണയുടെ മൗഢ്യം തിരിഞ്ഞതും,വിലപിടിപ്പുള്ള ഒരു വെളിപാടുണ്ടായതും-എഴുത്ത്,അതെവിടെയായാലും ഗൗരവമുള്ള ഒരു ഉത്തരവാദിത്ത്വമാൺ എന്ന ബോധം!

അതുവരെ നെറ്റിലെ പ്രധാന പരിപാടി പാട്ടുകളന്വേഷിച്ചലയലായിരുന്നു.
അങ്ങിനെ പല നല്ല സൈറ്റുകളിലും ചെന്നെത്തിപ്പെട്ട്, ഒരേപോലെയുള്ള സംഗീതതാല്പര്യങ്ങൾ സൂക്ഷിയ്ക്കുന്ന കുറച്ച് നല്ല സുഹൃത്തുക്കളേയും കിട്ടിയിരുന്നു. ഭൗതീകലോകത്തിലെ ദൈനംദിന വ്യാപാരങ്ങളിൽ കിട്ടാൻ എളുപ്പമല്ലാത്തൊരു സൗഭാഗ്യമായിരുന്നു അത്.

ബ്ലോഗുലകത്തിലെത്തിയപ്പോൾ ഈ സൗഭാഗ്യത്തിന്റെ ചക്രവാളങ്ങൾ ഒന്നുകൂടി വികസ്വരമായതായിരുന്നു ഏറ്റവും ആഹ്ലാദകരമായിത്തോന്നിയ അനുഭവം.
കലാകാരന്മാരുടേയും സാഹിത്യകാരന്മാരുടേയും ചില ഒത്തുകുടലുകളേയും, കൂട്ടങ്ങളെപ്പറ്റിയുമൊക്കെ വായിക്കുമ്പോൾ വല്ലാത്ത കൊതിയും അസൂയയുമൊക്കെ തോന്നിയിട്ടുണ്ട്. ഇങ്ങിനത്തെ ‘സത്സംഗ’ങ്ങൾ,നമ്മുടെ നാട്ടിലെയൊരു സാഹചര്യത്തിൽ,പൊതുവേ പെണ്ണുങ്ങൾക്ക് കിട്ടാക്കനിയാൺ. എന്നാല്‍,ഇതാ ഇവിടെ,ഈ ബ്ലോഗ് ലോകത്തിൽ, ഒരുമാതിരിയുള്ള എന്റെ എല്ലാ താല്പര്യങ്ങളും പങ്കിടാൻ പറ്റിയവർ, ഒരു മൊസ്ക്ലിക്കിനപ്പുറം കാത്തിരിയ്ക്കുന്നു!
(അതുകൊണ്ടാകുമോ എന്നറിയില്ല,പലപ്പോഴും സ്വന്തം ബ്ലോഗ്പോസ്റ്റുകളെഴുതുന്നതിനേക്കാള്‍ ഞാന്‍ ആസ്വദിച്ചേഴുതുക മറ്റ് പോസ്റ്റുകള്‍ക്കുള്ള കമന്റുകളാണ്‍)

ശരീര-സ്ഥലങ്ങളുടെ കാണാച്ചരടുകൾ പൊട്ടിച്ച് സൈബർലോകത്തിൽ നീന്തിനടക്കുക, ഇഷ്ട്ടം തോന്നുന്ന ചിലതുരുത്തുകളിലൊക്കെ പറന്നുകേറുക... ഇടയ്ക്കെന്തെങ്കിലുമൊക്കെ തോന്നുന്നത് പറയുക.. യഥാർത്ഥലോകത്തിൽ അപ്രാപ്യമായ രസങ്ങള്‍!

കവിത്യ്ക്ക് മാത്രമായൊരു ബ്ലോഗ് തുടങ്ങിയത് കുറേക്കഴിഞ്ഞാൺ. ആനുകാലികങ്ങളിൽ കവിതകൾ വരുമ്പോൾ,മനസ്സിരുത്തി വായിയ്ക്ക്‍ാനും,അഭിപ്രായം പറയാനും താലപര്യമുള്ള വായനക്കാരെ കൺവെട്ടത്ത് കിട്ടുക അതീവ ദുഷ്ക്കരം. അച്ചടിമാദ്ധ്യമത്തില്‍ നമ്മളറിയാത്ത നമ്മളെ അറിയാത്ത,നൂറ്കണക്കിനാളുകള്‍ കവിത,അലസമായോ മനസ്സിരുത്തിയോ ഒക്കെ വായിച്ച് കടന്ന് പോകുന്നുണ്ടാകാം.
പക്ഷെ,അവര്‍ക്കത് വായിച്ച് എന്തുതോന്നിയെന്ന് ഒരു കാലത്തും നമ്മളറിയാന്‍ പോകുന്നില്ല!


ഇവിടെ,നമുക്കറിയാവുന്ന ഏതാനും നല്ലവായനക്കാര്‍ വന്ന് കവിത വായിയ്ക്കുന്നു... വിരലിലെണ്ണാവുന്നവരെങ്കില്‍ക്കൂടി,ഉടനെ അഭിപ്രായമറിയിയ്ക്കുന്നു...
പലപ്പോഴും കവിതയുടെ ഞാന്‍ അറിയാത്ത തലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നു...
എന്റെ കണ്ണില്പ്പെടാത്ത തെറ്റുകുറ്റങ്ങള്‍ കാണിച്ചുതരുന്നു...
ബ്ലോഗില്‍ കവിതയെഴുത്ത് കൂടുതല്‍ സാര്‍ത്ഥമാകുന്നതങ്ങിനെയാണ്‍.
വളരെക്കുറച്ച്മാത്രം എഴുതുന്ന എന്നെപ്പോലെയുള്ളൊരാള്‍ക്ക്,
കൂടുതലെഴുതാനുള്ളൊരു ഊര്‍ജ്ജം പകര്‍ന്നു തരുന്നത് ഈ വായനക്കാരുടെ സന്മനസ്സാണ്‍.

ഇതിനൊക്കെമേലേയാണ്‍,ഇവിടെനിന്നും കിട്ടിയിട്ടുള്ള പുതിയഅറിവുകള്‍.മുന്‍പൊക്കെ ആനുകാലികങ്ങളും പത്രങ്ങളുമൊക്കെ വായിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കാതെ വിട്ടുകളയുന്ന പലതിനെപ്പറ്റിയും കൂടുതലറിയണമെന്നൊരു ആഗ്രഹം തോന്നിത്തുടങ്ങിയെങ്കില്‍, അതും ഇവിടെനിന്നുണ്ടായ അധിക കുതൂഹലം.


പഴയപാട്ടുകളിലെ കാവ്യാംശം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനായി തുടങ്ങിയ
ബ്ലോഗ് മാത്രം ഒരല്പ്പം നിരാശപ്പെടുത്തി. അവയിലെ ഭാവനയോ വരികളോ ഒന്നും ചര്‍ച്ചാവിഷയമായിക്കണ്ടില്ല.

ബ്ലോഗുകളിലെ ഇടപെടലുകളിലൂടെ കുറെയേറെ നല്ല സുഹൃത്തുകളുണ്ടായി.
എങ്കിൽത്തന്നെയും,ബ്ലോഗിനപ്പുറത്തേയ്ക്ക്,
ഇ-മെയില്‍ സൗഹൃദത്തിലേയ്ക്ക് വളര്‍ന്നവ
ഒരു കൈവിരലിലൊതുങ്ങും. ജിടോക്ക് തുറക്കാറ്തന്നെയില്ല.
..
തെറ്റെന്റേത് തന്നെ!
ഞാനെഴുതുന്നത്,എന്നെ അറിയാതെ സ്വതന്ത്രമായി വായിയ്ക്കപ്പെടണം എന്ന ഒരാഗ്രഹം കൊണ്ട് ബോധപൂര്‍വ്വം തന്നെ ഒരകലം സൂക്ഷിയ്ക്കുകയായിരുന്നു.
ഒരുപക്ഷെ,അതിനെപ്പറ്റിയൊരു പരിഭവം ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ പൊറുക്കുക.

ബ്ലോഗുകളിലൂടെയുള്ള സഞ്ചാരമിപ്പോള്‍ ഒരു ശിലമായിപ്പോയിരിയ്ക്കുന്നു.
ലീവെടുക്കുമ്പോള്‍ ചെയ്യണമെന്ന് കരുതിയിരുന്ന പരിപാടികള്‍ പലതും,ആഗ്രഹിച്ചത് പോലെ നടപ്പാക്കാന്‍ ഇനിയുമായിട്ടില്ലെങ്കില്‍,അതിനീയൊരൊറ്റ കാരണമേ പറയാനുള്ളു-കമ്പൂട്ടറിനു മുന്‍പില്‍ നീണ്ടസമയമെടുത്തുള്ള ഈ ഇരിപ്പ്.


ഇടയ്ക്കൊരുമാസത്തോളം നാട്ടിലായിരുന്നപ്പോള്‍,ബ്ലോഗ്ലോകത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. അത്ഭുതം തോന്നിയത്,എന്റെതായ കുറേസമയം പൊടുന്നനെ തിരിച്ചുകിട്ടിയതുപോലെയുള്ള ഒരു ലാഘവം ആ സമയത്തുണ്ടായീ എന്നതാണ്‍.
വീണ്ടും സ്വതന്ത്രയായതുപോലെ!

ഒരുകൂട്ടില്‍നിന്നും പറന്നുകേറിയത് മറ്റൊരു കൂട്ടിലേയ്ക്കാണോ എന്നൊരു
സംശയമുണ്ടായതപ്പോഴാൺ.
ഇടയ്ക്ക് തീരുമാനിയ്ക്കും,കുറേനാളിനിയിങ്ങോട്ട് കേറുകയേവേണ്ട.
പക്ഷെ,അതിതുവരെ നടപ്പായില്ല!

കഥപറയുന്ന,കവിതചൊല്ലുന്ന,വിജ്ഞാനം പകരുന്ന,തമാശകള്‍ പൊട്ടിയ്ക്കുന്ന,പഴങ്കഥ ചൊല്ല്ലിത്തരുന്ന,പാട്ട്പാടുന്ന,തത്വജ്ഞാനം വിരിയുന്ന,രാഷ്ട്രീയംവിശകലനം ചെയ്യുന്ന, കാണാക്കാഴ്ച്ചകൾ ചിത്രങ്ങളിലാക്കിക്കൊണ്ടുതരുന്ന,ആത്മീയം പഠിപ്പിയ്ക്കുന്ന,യുക്തിയുടെ വിരൽ ചൂണ്ടുന്ന,തര്‍ക്കിയ്ക്കുന്ന,വാദിയ്ക്കുന്ന.. അങ്ങിനെയങ്ങിനെ ഭൂമിയിലെയുമാകാശത്തിലേയും എന്തിനെപ്പറ്റിയും കലപിലാ സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന ബഹുസ്വരരൂപിയായൊരു അദൃശ്യസാന്നിദ്ധ്യം!
വിട്ടുപോകാന്‍ തോന്നാത്ത എന്തോ ഒരാകര്‍ഷണമുണ്ടിതിന്‍.


സ്വതവേയുള്ള അലസതയും നിദ്രാദേവിയോടുള്ള അമിതാരാധനയും കാരണം,ഈ അവധികാലത്ത്‍,ഒരുപക്ഷെ തുരുമ്പെടുത്ത് പോകുമായിരുന്ന എന്റെ ബുദ്ധിയെ സചേതനമായി, ഊര്‍ജ്ജ്വസ്വലമായി നിലനിര്‍ത്തിയത് ഈ ബൂലോകത്തിലെ,കാണാമറയത്തിരിയ്ക്കുന്ന,കുറേ കൂട്ടുകാരാണ്‍.


ഞാനെഴുതിയിടുന്നത് വന്ന് വായിച്ച്പോയവര്‍ ഓരോരുത്തരുടേയും മുന്‍പില്‍,ആദരവോടെ സ്നേഹത്തോടെ തലകുനിയ്ക്കുന്നു.
വായിച്ചഭിപ്രായമെഴുതാൻ സമയം കണ്ടെത്തിയവരോട് ഈ ആദരവിനും സ്നേഹത്തിനും പുറമെ ഒന്നുകൂടി-
'നന്ദി'എന്നൊരു വാക്ക് പറഞ്ഞാലൊന്നുമാകില്ല...
മറ്റൊരു വാക്കില്ലല്ലൊ പകരം!

ബ്ലോഗ്ശരീരത്തിന്റെ ഓക്സിജനാണ്‍ കമന്റുകള്‍ എന്നാണെന്റെ വിശ്വാസം.
നീണ്ട പന്ത്രണ്ട് മാസം എന്നെയിവിടെ നിലനിർത്തി, എന്റെ പോസ്റ്റുകള്‍ക്ക് ജീവവായു പകരാൻ നിങ്ങളുണ്ടായതു കൊണ്ടാൺ ഞാൻ ഇന്നീക്കുറിപ്പെഴുതുന്നത്...
I continue to exist here because you exist!